ഒറ്റ തെരഞ്ഞെടുപ്പ് ആർ.എസ്.എസിന്‍റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം -റസാഖ് പാലേരി

തിരുവനതപുരം: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാറിന്‍റെ ശ്രമം ആർ.എസ്.എസിന്‍റെ സമഗ്രാധിപത്യ പദ്ധതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. സവർണ്ണ ഹിന്ദുത്വ വംശീയ രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുന്നതിന് വേണ്ടി തുടർച്ചയായി നടത്തി വരുന്ന ഘടനാ പരിഷ്കരണങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആർ.എസ്.എസിന്‍റെ വംശീയ അജണ്ടകൾ തുടർച്ചയായി നടപ്പാക്കുന്നതിന് മുന്നിലെ പ്രധാന തടസ്സമാണ് ഇടക്കിടക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകൾ. ജനരോഷത്തെ ഭയന്ന് പലതും മാറ്റി വെക്കേണ്ടി വരുന്നുണ്ട്. കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരണപരിഷ്കാരങ്ങൾ കൊണ്ടുവരാനും തെരഞ്ഞെടുപ്പുകൾ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഏക തെരഞ്ഞെടുപ്പിനെ ഉപയോഗിച്ച് ഇതിനെയെല്ലാം മറികടക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതിലൂടെ ജനാധ്യപത്യ തത്ത്വങ്ങളെയും ഫെഡറൽ സംവിധാനത്തെയും തകർക്കാനാണ് ഉദ്ദേശിക്കുന്നത്.

സംഘ്പരിവാർ അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റിയിൽനിന്ന് കേന്ദ്ര സർക്കാർ ചോദിച്ച് വാങ്ങിയ റിപ്പോർട്ട് മുൻ നിർത്തി പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകൾ ഉള്ള പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രം തീരുമാനിക്കുന്നത്.

ഇത് അധികാര കേന്ദ്രീകരണത്തിന് വഴിവെക്കും. ഏക തെരഞ്ഞെടുപ്പ് സമ്പ്രദായം നിലനിർത്തുന്നതിന് വേണ്ടി ജനാധിപത്യത്തെ തന്നെ റദ്ദ് ചെയ്യുന്ന പുതിയ ഘട്ടങ്ങളിലേക്ക് ബി.ജെ.പി പ്രവേശിക്കും എന്നത് ഉറപ്പാണ്. ഇത്തരത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്ന നിയമഭേദഗതിക്കാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികളും ജനാധിപത്യ പ്രവർത്തകരും ഒരുമിച്ചു നിന്നു പോരാടണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

Tags:    
News Summary - welfare party against One Nation One Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.