പിണറായി പൂർണമായും ആർ.എസ്.എസിന് കീഴ്പെട്ടു -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മലപ്പുറം ജില്ലയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് ഇസ്‌ലാമോഫോബിക് പ്രസ്താവനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. അദ്ദേഹം പൂർണമായും ആർ.എസ്.എസിന് കീഴ്പ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നാണ് ഈ പ്രസ്താവന തെളിയിക്കുന്നത്. വംശീയസ്വഭാവമുള്ള പ്രസ്താവന പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിനകത്തു നിന്നും, പോലീസുകാരുടെ വീതം വെപ്പിന് ശേഷം വിമാനത്തവളത്തിന് പുറത്തു നിന്നും പിടിക്കപ്പെടുന്ന സ്വർണ്ണം മലപ്പുറം ജില്ലയുമായി മാത്രം ബന്ധിപ്പിച്ചു പറയുന്ന പിണറായിയുടെ ഭാഷ മോദിയെയും അമിത് ഷായെയുമാണ് ഓർമിപ്പിക്കുന്നത്. പിടിക്കപ്പെടുന്ന സ്വർണവും ഹവാല പണവും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്നാണ് സംസ്ഥാന ഭരണചുമതല വഹിക്കുന്ന മുഖ്യമന്ത്രി പറയുന്നത്. എങ്കിൽ എന്തൊക്കെയാണ് ആ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്ന് അദ്ദേഹം വ്യക്തമാക്കണം.

സർക്കാരിനെതിരിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ ഫാബ്രിക്കേറ്റഡ് സ്ഫോടനങ്ങൾ നടത്തിയും പുൽവാമ മോഡലുകൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയും ചർച്ചകളെ മറ്റൊരു സ്വഭാവത്തിലേക്ക് വഴി തിരിച്ചു വിടുന്ന ബി.ജെ.പിയുടെ അങ്ങേയറ്റം ഹീനമായ കുതന്ത്രമാണ് പിണറായി കേരളത്തിൽ പയറ്റാൻ ശ്രമിക്കുന്നത്. വഴി മുട്ടുമ്പോൾ മഷിയിട്ട് മറയുണ്ടാക്കി രക്ഷപ്പെടുന്ന നീരാളിയുടെ കൗശലം. എന്നാൽ, ഇത്തരം വംശീയവും നിരുത്തരവാദപരവും ഇസ്‌ലാമോഫോബിക്കുമായ പ്രസ്താവനകളുടെ യഥാർത്ഥ വിളവെടുപ്പുകാർ ആർ എസ് എസ്സും ബി ജെ പി യുമാണെന്ന് പിണറായി വിജയൻ ഇനിയും മനസ്സിലാക്കിയിട്ടില്ല.

മലപ്പുറത്തെ കുറിച്ച് പിണറായി പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ പാർലമെന്റിൽ പോലും ഇനിയങ്ങോട്ട് ഉന്നയിക്കപ്പെടും. അതുന്നയിക്കാൻ പോകുന്നത് ബി ജെ പി യുടെ നേതാക്കളാണ്. രാജ്യത്തെ സംഘ്പരിവാർ പ്രത്യേകം ഉന്നം വെച്ച ജില്ലയാണ് മലപ്പുറം. ഇത് പിണറായിക്ക് അറിയാഞ്ഞിട്ടല്ല. അറിഞ്ഞിട്ടും ഇസ്‌ലാമോഫോബിയ ആയുധമാക്കി നിലവിൽ അകപ്പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒരു ജനസമൂഹത്തെയും പ്രദേശത്തെയും കുറിച്ച് വംശീയ പ്രചാരണങ്ങൾ നടത്തുന്നത് ആരായാലും അതനുവദിച്ചു തരാനാകില്ല -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare party against pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.