പി.എഫ്.ഐ ഹർത്താൽ: സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈകോടതി തീരുമാനം വിവേചനപരമെന്ന് വെൽഫെയർ പാർട്ടി

തിരുവനന്തപുരം: പി.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈകോടതി തീരുമാനം വിവേചനപരവും വംശീയ വേർതിരിവുമുള്ളതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈകോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തിൽ നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാർക്കശ്യ സമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്നും റസാഖ് പാലേരി ചൂണ്ടിക്കാട്ടി. 

സംഘ്പരിവാർ കാലത്ത് ആർ.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങൾ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയു. അക്രമ പ്രവർത്തനം ആരുടെ ഭാഗത്തു നിന്നായാലും അത് എതിർക്കപ്പെടേണ്ടതാണ് പക്ഷേ ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോൾ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. എത്ര വേഗമാണ് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കോടതിയും സർക്കാരും കടന്നിരിക്കുന്നത്. ചിലർക്കെതിരെ മാത്രമാകുമ്പോൾ നീതി നിർവഹണത്തിന് എന്തൊരു വേഗതയാണ്.

പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടിയ യു.പി സർക്കാരിന്റെയും ബുൾഡോസർ രാജ് നടപ്പാക്കിയ യു.പി, മധ്യപ്രദേശ്, ഹരിയാന, ഡൽഹി നഗരസഭ തുടങ്ങിയ ബി.ജെ.പി സർക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തിൽ ഹൈകോടതി നിർദേശത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത്. വംശഹത്യയുടെ 10 ഘട്ടങ്ങളിൽ ഒന്നായി ജൈനോസൈഡ് വാച്ച് എണ്ണുന്നതാണ് പ്രതീകവത്കരണവും കുറ്റാരോപണവും. അതിന്റെ ചെറുരൂപങ്ങളാണ് ഇപ്പോൾ കേരളത്തിലും നടക്കുന്നത്.

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്കെതിരെ അക്രമാസക്തമായ ഹർത്താലാണ് സംഘ്പരിവാർ നടത്തിയത്. ബി.ജെ.പിയുടെ സമുന്നത നേതാക്കളുടെ നേതൃത്വത്തിലാണ് കേരളം മുഴുവൻ പൊതുമുതൽ നശിപ്പിച്ചും പൊലീസുകാരെ ആക്രമിച്ചും അഴിഞ്ഞാടിയത്. അതിന്റെ പേരിൽ ഒരാൾക്കെതിരെയും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആ കേസുകൾ എല്ലാം ഇപ്പോൾ നിശ്ചലവുമാണ്. ചിലർ ചെയ്യുന്നത് സ്വാഭാവികവും മറ്റുചിലരുടേത് അസ്വാഭാവികവും എന്ന് നിയമവ്യവസ്ഥകൾ തന്നെ വിലയിരുത്താൻ തുടങ്ങിയാൽ അതിനർഥം നീതിപൂർവമായ നിയമനിർവഹണ വ്യവസ്ഥ ദുർബലമായിരിക്കുന്നു എന്നാണ്. അത്തരമൊരു സന്ദേശം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലെന്നും റസാഖ് പാലേരി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Tags:    
News Summary - Welfare Party reaction to PFI Hartal Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.