തിരുവനന്തപുരം - മദ്രസകളെ സംബന്ധിച്ച കേരള ഗവർണറുടെ പരമാർശം മതസ്പർദ്ധ വളർത്താനിടയാക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ദൈവ നിന്ദ നടത്തുന്നവരെ തല വെട്ടണമെന്നാണ് മദ്റസകളിൽ പഠിപ്പിക്കുന്നതെന്ന് ഗവർണർ പറയുന്നത് എന്തടിസ്ഥാനത്തിലാണ്. രാജ്യത്ത് പൗരാവകാശങ്ങളടക്കം ചോദ്യം ചെയ്യപ്പെടുന്ന മുസ്‌ലിം ജനതയുടെ വിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിന് ഗ്വാഗ്വാ വിളിക്കുകയാണ് കേരള ഗവർണർ.
മദ്റസകളിൽ പഠിക്കുന്ന മത വിശ്വാസികളെ ഭീകര മുദ്ര ചാർത്തി ഇസ്ലാമോഫോബിയ വളർത്താം എന്ന തന്ത്രമാണ് ഇവിടെ സംഘ്പരിവാർ നടത്തുന്നത്. മത വിദ്യാഭ്യാസം ഭരണഘടന അടിസ്ഥാനത്തിലെ വ്യക്തി സ്വാതന്ത്ര്യമാണ്. അത് നിഷേധിക്കാൻ ആർക്കും അധികാരമില്ല. ആർ.എസ്.എസിന് വേണ്ടി ചുടു ചോറ് വാരുന്ന കുട്ടി കുരങ്ങന്റെ റോളല്ല കേരള ഗവർണർ നിർവഹിക്കേണ്ടത്.
സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ എന്ന ഉന്നത ഉത്തരവാദിത്വമാണ് ഗവർണറുടേത്. നിരുത്തരവാദപരവും മത വൈര്യം വളർത്തുന്നതുമായ പരാമർശം പിൻവലിച്ച് ഗവർണർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.