തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിലും സാമ്പത്തിക പ്രത്യാഘാതത്തിലും ജീവിക്കുന്ന ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ പാചകവാതകത്തിന് അന്യായമായി വില വർധിപ്പിച്ചിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഗാർഹിക പാചകവാതകത്തിനും വാണിജ്യ പാചകവാതകത്തിനും യഥാക്രമം അൻപതും അൻപത്തഞ്ചും രൂപ വർധിപ്പിച്ചത് തികച്ചും പ്രതിഷേധാർഹമാണ്.
വില വർധനവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങി വ്യത്യസ്ത സന്ദർഭങ്ങളിലായി കേന്ദ്ര സർക്കാർ കൈക്കൊണ്ട കോർപ്പറേറ്റ് അനുകൂല നയങ്ങളുടെയും അശാസ്ത്രീയ സാമ്പത്തിക പരിഷ്കരണത്തിന്‍റേയും പശ്ചാത്തലത്തിൽ രാജ്യത്തെ ജനജീവിതം കൂടുതൽ ദുസ്സഹമായിരിക്കുകയാണ്.
കോർപ്പറേറ്റുകളെ സംരക്ഷിക്കുന്നതിനായി ദിനേനെ വർധിപ്പിക്കുന്ന ഇന്ധന വില ജനങ്ങൾക്ക് വലിയ ദുരന്തമാണ് നൽകുന്നത്. കോവിഡിന്‍റെ സാഹചര്യത്തിൽ പൊതുവാഹനങ്ങൾ ആശ്രയിക്കാൻ കഴിയാത്ത സാധാരണ ജനങ്ങൾക്ക് ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിലും ഇന്ധന വിലയിലൂടെ കൊള്ളലാഭമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യത്ത് അലയടിക്കുന്ന കർഷക പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള കേന്ദ്ര സർക്കാറിന്‍റെ പുതിയ തന്ത്രമാണ് പാചക വാതക വിലവർധനവ്.
കർഷക ജനസമൂഹത്തെ പ്രതിസന്ധിയിലാക്കി കോർപ്പറേറ്റ് അനുകൂല കാർഷിക ബില്ല് നടപ്പാക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ജനങ്ങളെ കൂടുതൽ പട്ടിണിയിലേക്ക് തള്ളിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സർക്കാറിനെതിരെ ഉയർന്നിട്ടുള്ള പ്രക്ഷോഭം കൂടുതൽ ജനങ്ങൾ ഏറ്റെടുക്കാനാണ് പാചക വാതക വിലവർധനവ് ഉപകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.