തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനർഹമായി കൈക്കലാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ധനവകുപ്പ് വടിയെടുത്തെങ്കിലും നടപടികളിൽ മെല്ലെപ്പോക്ക്. 1458 ജീവനക്കാരാണ് പെൻഷൻ പദ്ധതിയിൽ കടന്നുകൂടിയതെന്ന് കണ്ടെത്തിയതെങ്കിലും പേരിനെങ്കിലും നടപടിയെടുത്തത് 400 ൽ താഴെ ജീവനക്കാർക്കെതിരെയാണ്. അതിൽ തന്നെ വിവേചനവും. മണ്ണ് സംരക്ഷണ വകുപ്പിൽ ആറു പേരെ സസ്പെൻഡ് ചെയ്തായിരുന്നു തുടക്കം. ഇവരുടെ പേരടക്കമാണ് ഉത്തരവിറങ്ങിയത്. അതേ സമയം ആരോഗ്യവകുപ്പിൽ 373 ജീവനക്കാരിൽ നിന്ന് പണം തിരികെ പിടിക്കാൻ തീരുമാനിച്ചെങ്കിലും സസ്പെൻഷനില്ല. പൊതുഭരണവകുപ്പിലും പണം തിരികെപ്പിടിക്കാനാണ് ആറു പേർക്ക് നോട്ടീസ് നൽകിയത്. മറ്റ് വകുപ്പുകളിലെ നടപടി നീളുകയുമാണ്.
18 ശതമാനം പിഴപ്പലിശ സഹിതം തുക തിരികെ പിടിക്കലും വകുപ്പ് തല നടപടിയും നിർദേശിച്ച് ധനവകുപ്പ് ഉത്തരവിറക്കി 10 ദിവസം പിന്നിടുമ്പോഴാണ് ഈ മെല്ലെപ്പോക്ക്. ആരോഗ്യവകുപ്പ് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ‘ക്ഷേമ പെൻഷൻകാരുള്ളത്’ പൊതുവിദ്യാഭ്യാസ വകുപ്പിലാണ്-224 പേർ. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 124 പേരും ആയുർവേദ വകുപ്പിലെ 114 പേരും മൃഗസംരണക്ഷ വകുപ്പിലെ 74 പേരും പൊതുമരാമത്ത് വകുപ്പിൽ 47 പേരുമടക്കം വിപുലമാണ് പട്ടിക. രണ്ട് അസി. പ്രഫസർമാരും മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും പെൻഷൻ വാങ്ങിയിരുന്നു. മിക്കവാറും എല്ലാ വകുപ്പുകളിൽ നിന്നും ‘ക്ഷേമ പെൻഷൻ പ്രാതിനിധ്യ’മുണ്ട്.
സൂക്ഷ്മപരിശോധനയും മസ്റ്ററിങ്ങുമടക്കം മാനദണ്ഡങ്ങൾ കർശനമായിട്ടും ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം പട്ടികയിൽ ഇടംപിടിച്ചതിൽ വെളിപ്പെടുന്നത് രേഖകളിൽ കൃത്രിമം കാണിക്കലടക്കം ഗുരുതര വീഴ്ചകളാണ്. ക്ഷേമ പെൻഷനുള്ള അപേക്ഷയിൽ മറ്റേതെങ്കിലും സർക്കാർ ആനുകൂല്യങ്ങളോ പെൻഷനോ കൈപ്പറ്റുന്നുണ്ടോയെന്ന് രേഖപ്പെടുത്തേണ്ട കോളമുണ്ട്. ഇതിൽ വ്യാജപ്രസ്താവന എഴുതിച്ചേർത്താണ് ജീവനക്കാർ പദ്ധതിയിൽ ഗുണഭോക്താക്കളായത്. ഇക്കാര്യങ്ങളിലൊന്നും അന്വേഷണവുമില്ല.
1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ. 1458 പേർ ഒരു മാസത്തെ പെൻഷൻ കൈപ്പറ്റിയ ഇനത്തിൽ മാത്രം 23.32 ലക്ഷം രൂപയാണ് സർക്കാറിന് നഷ്ടം. എത്ര മാസമായി ഇവർ പെൻഷൻ വാങ്ങുന്നെന്ന വിവരം സമാഹരിച്ചാലേ ആകെ നഷ്ടം കണ്ടെത്താനാവൂ. ഇതിന് പുറമെ, മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവർ വ്യാപകമായി പദ്ധതിയിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത്തരത്തിൽ അനർഹർക്ക് പദ്ധതിയിൽ കടന്നുകൂടാനാകില്ല. ഈ സാഹചര്യത്തിൽ പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചുനൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ തീരുമാനം. എന്നാൽ, ഇക്കാര്യത്തിലും നടപടികളുണ്ടായില്ല.
ആരോഗ്യവകുപ്പിൽ 373 പേർക്കെതിരെ നടപടി
തിരുവനന്തപുരം: ക്ഷേമ പെൻഷൻ അനർഹമായി കൈക്കലാക്കിയ ആരോഗ്യവകുപ്പിലെ ജീവനക്കാർക്കെതിരെയും നടപടി. പണം തിരികെ അടക്കണമെന്നുകാട്ടി 373 ജീവനക്കാർക്ക് ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി നോട്ടീസ് നൽകി. 18 ശതമാനം പിഴപ്പലിശ സഹിതമാണ് തുക തിരികെ പിടിക്കുക. പണം തിരിച്ചുപിടിക്കുന്നത് കൂടാതെ, ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. പൊതുഭരണവകുപ്പിലെയും മണ്ണ് സംരക്ഷണ വകുപ്പിലെയും ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയാണിത്.
തുക തിരികെ പിടിക്കുന്നതിന് അതത് ഓഫിസുകളിലെ ഡി.ഡി.ഒമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ലറിക്കൽ, നഴ്സിങ് അസിസ്റ്റൻറ്, അറ്റൻഡർ തസ്തികയിലുള്ള ജീവനക്കാരാണ് ആരോഗ്യ വകുപ്പിൽ അനർഹമായി പെൻഷൻ കൈപ്പറ്റിയവരിലേറെയും. മണ്ണ് പര്യവേക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ നാലുപേർ പാർട്ട് ടൈം സ്വീപ്പർമാരാണ്. സർക്കാർ ഓഫിസുകളിലെ സ്വീപ്പർ മുതൽ ഹയർ സെക്കൻഡറി അധ്യാപകരും അസിസ്റ്റന്റ് പ്രഫസർമാരും വരെയുള്ള 1450 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റുന്നെന്നാണ് ധനവകുപ്പ് കണ്ടെത്തൽ. പിഴപ്പലിശ സഹിതം തുക തിരികെ പിടിക്കുന്നതിനൊപ്പം വകുപ്പുതല അച്ചടക്ക നടപടിക്കുമാണ് ധനവകുപ്പിന്റെ നിർദേശം. അതേ സമയം ആരോഗ്യവകുപ്പിൽ തുക തിരികെ പിടിക്കലല്ലാതെ വകുപ്പുതല നടപടി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.