തിരുവനന്തപുരം: വികലാംഗ പെൻഷൻടക്കം സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയത് നാലു മാസത്തെ ക്ഷേമ പെൻഷനുകൾ. വാർധക്യകാല പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന്, വികലാംഗ പെന്ഷന്, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന്, വിധവ പെന്ഷന് എന്നിങ്ങനെ വിവിധ ക്ഷേമ പെൻഷനുകൾ ഒന്നിച്ചാണ് വിതരണം ചെയ്യുന്നത്. 1600 രൂപവെച്ച് 6400 രൂപയാണ് ഓരോ ഗുണഭോക്താവിനും നൽകാനുള്ളത്. കേന്ദ്രം തുച്ഛമായ തുകയാണ് പെൻഷനായി അനുവദിക്കുന്നതെങ്കിലും എല്ലാ വിഭാഗങ്ങൾക്കും 1600 രൂപ തികച്ചാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. ഒടുവിൽ ആഗസ്റ്റിലെ പെൻഷനാണ് നൽകിയത്.
സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടക്കത്തിന് കാരണമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. 44.97 ലക്ഷം ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിന് 667.15 കോടി രൂപയാണ് വേണ്ടത്.
കേന്ദ്ര വിഹിതം കൂടി ഉൾപ്പെടുത്തിയാണ് പെൻഷൻ വിതരണമെങ്കിൽ ഈ തുക സമയത്ത് കിട്ടാറില്ല. സാമൂഹിക സുരക്ഷാ പെൻഷനിൽ മൂന്നു വിഭാഗങ്ങളിലായി 200 മുതൽ 300 രൂപവരെയാണ് കേന്ദ്രസഹായം. സംസ്ഥാനത്തെ ആകെയുള്ള 44 ലക്ഷം ഗുണഭോക്താക്കളിൽ 8.46 ലക്ഷം പേർക്കാണ് ഈ നാമമാത്ര സഹായവുമുള്ളത്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ വെറും 16.62 ശതമാനം മാത്രമാണിത്.
80 ശതമാനത്തിൽ കുറവ് അംഗപരിമിതിയുള്ളവര്‍ക്ക് കേന്ദ്രം ഒരു സഹായവും നല്‍കുന്നില്ല. എന്നാല്‍, കേരളം 1600 രൂപ നല്‍കുന്നുണ്ട്. 80 ശതമാനത്തിനു മുകളിൽ അംഗപരിമിതിയുള്ളവര്‍ക്ക് 300 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. 2023 ജൂൺ വരെ സംസ്ഥാന വിഹിതമായ 1300 രൂപയും കേന്ദ്ര വിഹിതമായ 300 രൂപയും ചേർത്ത് 1600 രൂപ സംസ്ഥാന സർക്കാറാണ് നൽകിയിരുന്നത്. എന്നാൽ, കേന്ദ്രവിഹിതം കൈപ്പറ്റി സംസ്ഥാനം ക്രെഡിറ്റ് നേടുന്നു എന്ന വാദമുന്നയിച്ച് ഈ രീതി വിലക്കി.
കേന്ദ്രവിഹിതം നേരിട്ട് ബാങ്ക് വഴി നൽകാമെന്നും സംസ്ഥാന സർക്കാർ വിഹിതം മാത്രം കേരളം നൽകിയാൽ മതിയെന്നുമായിരുന്നു നിർദേശം. ഇതു പ്രകാരം ആഗസ്റ്റ് വരെയുള്ള തുക സംസ്ഥാന സർക്കാർ നൽകി. എന്നാൽ, ജൂണിനു ശേഷം ഇതുവരെയും കേന്ദ്ര വിഹിതമായ 300 രൂപ ഉപഭോക്താക്കൾക്ക് കിട്ടിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.