കോവിഡ് മഹാമാരിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറിലധികം പ്രവാസി മലയാളി ജീവിതങ്ങൾ പൊലിഞ്ഞ ഘട്ടത്തിലാണ് മരണപ്പെട്ട പ്രവാസികളുടെ ചിത്രഗാലറി സഹിതം പ്രവാസികളെ നാട്ടിലെത്തിക്കാൻ ഇനിയുമെത്ര മരിക്കണം എന്ന ചോദ്യം 2020 ജൂൺ 24ന് 'മാധ്യമം' ഉന്നയിച്ചത്. ഇന്ത്യയിലേക്ക് മടങ്ങാൻ താൽപര്യമുള്ളവരെ നാട്ടിലെത്തിക്കാൻ വിദേശ ഭരണകൂടങ്ങളും വിമാന കമ്പനികളും സന്നദ്ധത അറിയിച്ച ഘട്ടത്തിലും അനുകൂലമായി പ്രതികരിക്കാൻ കേന്ദ്രസർക്കാർ താൽപര്യപ്പെട്ടില്ല.
പിന്നീട് വന്ദേഭാരത് മിഷൻ എന്ന പേരിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ചപ്പോഴും മലയാളികൾക്ക് മുന്നിൽ പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. ജന്മനാട്ടിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ചവരുടെ വഴി മുടക്കുംവിധത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിബന്ധനകളും നിലപാടുകളും തന്നെയാണ് ഈ മനുഷ്യർ ഇതര ദേശങ്ങളിൽ മരിച്ച് മണ്ണടിയാൻ വഴിവെച്ചത്.
അനാവശ്യ നിബന്ധനകൾ ഒഴിവാക്കി നാടണയാൻ അനുവദിക്കണമെന്നും മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യപ്പറ്റുള്ള ഓരോ മലയാളിക്കുംവേണ്ടി 'മാധ്യമം' ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ് നാടിനും വീടിനുംവേണ്ടി വിയർപ്പൊഴുക്കിയ പ്രവാസികളുടെ രക്ഷക്ക് നടപടി സ്വീകരിക്കുന്നതിനുപകരം വാർത്തസമ്മേളനത്തിൽ 'മാധ്യമ'ത്തിന്റെ ഇടപെടലിനെ 'കുത്തിത്തിരിപ്പ്' എന്ന് പരിഹസിക്കുകയും തെറ്റായ നടപടികളെ ന്യായീകരിക്കുകയും ചെയ്തു, മുഖ്യമന്ത്രി.
എന്നാൽ, 'മാധ്യമം' ഉന്നയിച്ച ചോദ്യം ജനസമൂഹം ഏറ്റെടുത്തതോടെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി. അതോടെ മടങ്ങാൻ ആഗ്രഹിച്ചവരുടെ നാട്ടിലേക്കുള്ള യാത്രയും സുഗമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.