ചേവായൂരില്‍ നടന്നത് സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകം- വി.ഡി സതീശൻ

പാലക്കാട് :ചേവായൂരില്‍ നടന്നത് സഹകരണ ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. അതിന് മുഖ്യമന്ത്രിയും സഹകരണമന്ത്രിയും കൂട്ടു നിന്നു. വോട്ടു ചെയ്യാനെത്തിയ അയ്യായിരത്തോളം പേരെയാണ് ആട്ടിയോടിച്ചത്. കള്ളവോട്ട് ചെയ്യാന്‍ എത്തിയ മൂവായിരത്തോളം ക്രിമിനലുകളെ ഉപയോഗിച്ച് പൊലീസിന്റെ സഹായത്തോടെയാണ് വോട്ട് ചെയ്യാനെത്തിയവരെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ മർദനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്കും നേരെയുണ്ടായത്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഒരുകാലത്തും ഇല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും പറഞ്ഞ് നാവെടുക്കുന്നതിന് മുന്‍പാണ് യു.ഡി.എഫ് നേതൃത്വത്തിലുള്ള സംഘങ്ങള്‍ ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്.

സഹകരണരംഗത്ത് ഈ സര്‍ക്കാരിന് നല്‍കുന്ന എല്ലാ പിന്തുണയും ഞങ്ങള്‍ പിന്‍വലിക്കുന്നു. ഒരു കാര്യത്തിലും സര്‍ക്കാരുമായി യോജിച്ച് സഹകരണരംഗത്ത് പ്രവര്‍ത്തിക്കില്ല. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന ബാങ്കുകളില്‍ ഞങ്ങളുടെ അനുഭാവികളായവരുടെ നിക്ഷേപങ്ങള്‍ തുടരണമോയെന്ന് പാര്‍ട്ടി ഗൗരവതരമായി ആലോചിക്കും.

പത്തനംതിട്ടയില്‍ 18 മുതല്‍ 21 ബാങ്കുകള്‍ വരെയാണ് സി.പി.എം പിടിച്ചെടുത്തത്. ആ ബാങ്കുകള്‍ സാമ്പത്തിക പ്രയാസത്തിലേക്ക് കൂപ്പു കുത്തുകയാണ്. സഹകരണ ജനാധിപത്യം സംരക്ഷിക്കണമെന്ന് വലിയ വായില്‍ നിലവിളിക്കുകയും ഗുണ്ടകളെയും ക്രിമിനലുകളെയും പൊലീസിനെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

സര്‍ക്കാരിന് വേണ്ടാത്ത സഹകരണ ബാങ്കും സഹകരണ ജനാധിപത്യവും ഞങ്ങള്‍ക്ക് എന്തിനായിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച ബാങ്കുകളില്‍ ഒന്നായിരുന്ന തിരുവല്ല ഈസ്റ്റ് കോ- ഓപറേറ്റീവ് ബാങ്ക് ക്രിമിനലുകളെ ഉപയോഗിച്ചാണ് പിടിച്ചെടുത്തത്. ഇന്ന് എന്താണ് ആ ബാങ്കിന്റെ സ്ഥിതിയെന്നും വി.ഡി സതീശൻ ചോദിച്ചു.

Tags:    
News Summary - What happened in Chevayur was the murder of cooperative democracy - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.