സി.പി.എം സഹായത്തോടെ കേരളത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം- വി.ഡി. സതീശൻ

കൊച്ചി (പറവൂര്‍): സി.പി.എം സഹായത്തോടെ കേരളത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തിനെതിരെ യു.ഡി.എഫ് പ്രതിരോധത്തിന്റെ മതില്‍ തീക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ കേരളത്തിലെ വിവിധ സമുദായ നേതാക്കളെ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഒരു കാരണവശാലും കേരളത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള ഒരു ശ്രമത്തെയും വെച്ചുപൊറുപ്പിക്കില്ല. അതിനെതിരെ പ്രതിരോധത്തിന്റെ മതില്‍ യു.ഡി.എഫ് കേരളത്തില്‍ തീര്‍ക്കും.

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്ക് മണിപ്പൂരിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ സംരക്ഷണം ഒരുക്കുകയാണ്. അക്രമകാരികളുടെ വക്താക്കളാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹം തിരിച്ചറിയും.

ഫാദര്‍ സ്റ്റാന്‍സാമിയെ ജയിലില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍, ലോകം ആരാധിക്കുന്ന മദര്‍ തെരേസയുടെ ഭാരതരത്‌നം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട സംഘ്പരിവാറുകാരാണ് ക്രൈസ്തവ ഭവനങ്ങളിലെത്തി ഭിന്നിപ്പിന്റെ രാഷ്ട്രീയം വിളമ്പുന്നത്. മുമ്പനം പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിലൂടെ സര്‍ക്കാരും സി.പി.എമ്മും സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. ഭിന്നിപ്പിന്റെ രാഷ്ട്രീയം വിളമ്പുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്.

ബി.ജെ.പിയുടെ മുഖവും ശബ്ദവും ആയിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബി.ജെ.പിക്കാര്‍ക്ക് ഉണ്ടായതിനേക്കാള്‍ വലിയ അസ്വസ്ഥതയാണ് സി.പി.എമ്മുകാര്‍ കാട്ടിയത്. മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര അസ്വസ്ഥത? കോണ്‍ഗ്രസില്‍ നിന്നും ആരെങ്കിലും ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അതില്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആളുകള്‍ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് കോണ്‍ഗ്രസിന്റെ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് ഒരാള്‍ പ്രവേശിച്ചപ്പോള്‍ എന്തിനാണ് അസ്വസ്ഥനാകുന്നത്.

അയാള്‍ സത്യസന്ധനാണ്, മിടുക്കനാണ്, ക്രിസ്റ്റല്‍ ക്ലിയറാണ്, ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് വന്നാല്‍ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി മുതല്‍ ജില്ലാ സെക്രട്ടറി വരെ പറഞ്ഞവര്‍, ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാത്തതു കൊണ്ട് അയാള്‍ വലിയ കുഴപ്പമാണെന്നാണ് പറയുന്നത്. മന്ത്രി എം.ബി രാജേഷിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

മൂന്നു ദിവസം മുന്‍പല്ലേ സന്ദീപ് വാര്യരെ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്നു പറഞ്ഞത്. അതേ എം.ബി രാജേഷ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയതയുടെ കാളിയനാണെന്നാണ് പറഞ്ഞത്. മന്ത്രിമാരെല്ലാം ഇഷ്ടിക ബുദ്ധിജീവികളായി അഭിനയിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ കാപട്യത്തിന്റെ വക്താക്കളായി മാറുകയാണ്. നിന്ന നില്‍പ്പിലാണ് അഭിപ്രായം മാറുന്നത്. നേരം ഇരുണ്ട് വെളുക്കുന്നതിന് മുന്‍പേ അഭിപ്രായം മാറ്റിപ്പറയുകയാണ.്

മുഖ്യമന്ത്രി ഇപ്പോള്‍ ബാബ്‌റി മസ്ജിദിന്റെ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ ഒരു സംഘ്പരിവാറുകാരനും മറ്റൊരു പാര്‍ട്ടിയിലും പോകരുതെന്നാണോ? അങ്ങനെയെങ്കില്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകരെ കൊലചെയ്യാന്‍ നേതൃത്വം നല്‍കിയ ആര്‍.എസ്.എസ് നേതാവിനെ മാലയിട്ട് കണ്ണൂരില്‍ സ്വീകരിച്ചപ്പോള്‍ പിണറായി വിജയന്റെ ബാബ്‌റി മസ്ജിദിന്റെ രാഷ്ട്രീയവും മതേതരത്വത്തിന്റെ രാഷ്ട്രീയവും എവിടെയായിരുന്നു? പറയുമ്പോള്‍ ഓര്‍ത്ത് പറഞ്ഞാല്‍ നന്നായിരിക്കും. അല്ലെങ്കില്‍ സ്വന്തം ബുദ്ധിമുട്ട് പുറത്താകും.

സന്ദീപ് വാര്യര്‍ സി.പി.എമ്മില്‍ ചേര്‍ന്നിരുന്നെങ്കില്‍ ബാബ്‌റി മസ്ജിദ് കുഴപ്പമാകില്ലായിരുന്നു. ഇതാണ് നാണംകെട്ട രാഷ്ട്രീയം. നിങ്ങള്‍ പറയുന്ന വിടുവായിത്തം ജനങ്ങള്‍ കാണുന്നുണ്ട്. ഇത് പറഞ്ഞതോടെ ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പരിഹാസ്യനായി. ബി.ജെ.പി വിട്ട് ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ സി.പി.എമ്മിന് സഹിക്കില്ലെന്നു മനസിലായി. വെറുപ്പിന്റെയും ഈ ദുര്‍ഭരണത്തിന്റെയും ജീര്‍ണതയുടെയും രാഷ്ട്രീയം വിട്ട് ഇനിയും ഒരുപാട് പേര്‍ വരും.

വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്ക് പോകുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞിട്ടുണ്ട്. ഈ ചോദ്യമൊന്നും പത്മജ വേണുഗോപാലിനോടും അനില്‍ ആന്റണിയോടും ചോദിച്ചില്ലല്ലോ? അന്ന് അതിനെ പുകഴ്ത്തുകയും ആദരിക്കുകയുമല്ലേ ചെയ്തത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് മറുകണ്ടം ചാടിയതു പോലുള്ള ആളല്ല സന്ദീപ് വാര്യര്‍. ഒരു ഉപാധികളുമില്ലാതെയാണ് കോണ്‍ഗ്രസിന്റെ ഭാഗമായത്. അതില്‍ എന്താണ് തെറ്റ്.

എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ പറ്റാത്തതു കൊണ്ടാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം രഹസ്യമാക്കി വച്ചത്. ഇതൊക്ക നേരത്തെ തീരുമാനിച്ചു വച്ചിരുന്നതാണ്. സന്ദീപ് വാര്യര്‍ക്ക് സി.പി.എം നേതാക്കള്‍ നല്ല സര്‍ട്ടിഫിക്കറ്റു കൂടി കൊടുത്തോട്ടെയെന്നു കരുതിയാണ് വെയ്റ്റ് ചെയ്തത്. അതുകൂടി കിട്ടയപ്പോള്‍ ഇപ്പുറത്തേക്ക് കൊണ്ടു വന്നു. സന്ദീപ് വാര്യരെ പിന്നില്‍ നിര്‍ത്തില്ല, മുന്നില്‍ തന്നെയുണ്ടാകും.

സന്ദീപ് വരുന്നതിന് മുന്‍പ് തന്നെ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് പാലക്കാട് ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സന്ദീപ് വാര്യരുടെ കടന്നു വരവ് കൊണ്ട് പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ നിന്നും അതിനും മുകളിലേക്ക് പോകും. ഇത് മതേതര കേരളമാണെന്ന് ജനങ്ങള്‍ പാലക്കാട് നിന്നും വിളിച്ചു പറയുന്ന കാഴ്ചയാകും വോട്ടെണ്ണുമ്പോള്‍ ഉണ്ടാകുന്നത്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് 35 ദിവസം സി.എ.എയെ കുറിച്ചു മാത്രം പ്രസംഗിച്ച പിണറായി വിജയന്‍ ഇപ്പോള്‍ സി.എ.എയെ കുറിച്ച് മിണ്ടുന്നില്ല. അന്ന് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷത്തിന്റെ വോട്ടും കിട്ടിയില്ല, ഭൂരിപക്ഷത്തിന്റെ വോട്ട് ഒഴുകി പോകുകയും ചെയ്തു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ പ്രീണനം തുടങ്ങിയത്. ഇപ്പോള്‍ സംഘ്പരിവാറിനെ സന്തോഷിക്കലും സുഖിപ്പിക്കലുമാണ്.

മുസ് ലീം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണെന്നും ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ഇപ്പോള്‍ സാദിഖലി തങ്ങളെ വിമര്‍ശിച്ച അതേ നാവു കൊണ്ടു തന്നെയല്ലേ പിണറായി വിജയന്‍ പറഞ്ഞത്. ഇപ്പോള്‍ പാണക്കാട് തങ്ങള്‍ മോശക്കാരനായി. യു.ഡി.എഫില്‍ നില്‍ക്കാന്‍ ആയിരം കാരണങ്ങളുണ്ടെന്നും എല്‍.ഡി.എഫിലേക്ക് പോകാന്‍ ഒരു കാരണവും ഇല്ലെന്നും പാണക്കാട് തങ്ങള്‍ നിലപാടെടുത്തതിന്റെ അസ്വസ്ഥതയാണ് ഇപ്പോള്‍ കാണിക്കുന്നത്. പാണക്കാട് തങ്ങളെ മോശമായി പറഞ്ഞാല്‍ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.

അതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ പോയി പി.ആര്‍ ഏജന്‍സിയെക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിച്ചതും വടക്കേ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഹിന്ദുവില്‍ അഭിമുഖം കൊടുത്ത് കേരളത്തെ കുറിച്ച് മോശമായി പറഞ്ഞതും. ഇപ്പോഴത്തെ രാഷ്ട്രീയം അതാണ്. അത് എപ്പോള്‍ മാറുന്നു എന്നു മാത്രം നോക്കിയാല്‍ മതി. ഓന്തിന്റെ നിറം മാറുന്ന വേഗത്തിലാണ് സി.പി.എമ്മിന്റെയും പിണറായിയുടെയും രാഷ്ട്രീയം മാറുന്നത്. നാളെ എന്താണ് പറയാന്‍ പോകുന്നതെന്ന് അറിയില്ല. മാറി മാറി പ്രീണനമാണ്.

പെരുമാള്‍ ഭരണം തീരാന്‍ ഇനി 15 നാഴിക മാത്രമെ ഉള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞത് പിണറായി വിജയനെ കുറിച്ചായിരിക്കും. കേരളത്തിലെ മുഴുവന്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ആവേശത്തിലാണ്. മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുവെന്നതില്‍ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര അസ്വസ്ഥത. കേട്ടിട്ടു പോലും ഇല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും മാധ്യമങ്ങല്‍ ഒരു മണിക്കൂര്‍ ലൈവ് നല്‍കിയില്ലേ. കോണ്‍ഗ്രസില്‍ ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടി വരും. എല്ലാ കാര്യങ്ങളും പുരപ്പുറത്ത് നിന്ന് പ്രഖ്യാപിക്കാനാകില്ല. ചിലപ്പോള്‍ കൗശലത്തോടെയും ബുദ്ധിപൂര്‍വമായും പെരുമാറേണ്ടി വരും. അങ്ങനെ പ്രവര്‍ത്തിച്ചുവെന്നേയുള്ളൂ.

41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്നെന്ന് പൊലീസ് അന്വേഷണം നടത്തി കണ്ടെത്തി ഇ.ഡിക്ക് റിപ്പോര്‍ട്ട് നല്‍കിയ കേസില്‍ പ്രതിയാകേണ്ട സുരേന്ദ്രന്‍ പിണറായി വിജയനെ സ്വാധീനിച്ചാണ് സാക്ഷിയായത്. പിണറായി വിജയന്റെ കാല് പിടിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ നിന്നും രക്ഷപ്പെട്ടത്. രാവിലെ മുതല്‍ വര്‍ഗീയതയുടെ വിഷം തുപ്പുന്നയാള്‍ ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്? എല്ലാ ദിവസവും രാവിലെ വാ തുറന്നാല്‍ വിഷം തുപ്പുന്നയാള്‍ക്ക് മറുപടി പറയാന്‍ നേരമില്ല.

ആ പാര്‍ട്ടിയില്‍ മുഴുവന്‍ കള്ളപ്പണമാണ്. അതൊക്കെ എവിടെ കൊണ്ടു പോയെന്നു പറഞ്ഞാല്‍ മതി. ദേശവിരുദ്ധ ഇടപാടാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതിരുന്നവര്‍ നേരം വെളുത്തപ്പോള്‍ സമ്പന്നരായതിന്റെ കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഓഫീസുകളില്‍ കോടികള്‍ ഒളിപ്പിച്ച് പാര്‍ട്ടിക്കാര്‍ക്ക് പോലും കൊടുക്കാതെ കൊണ്ടു പോയതിന്റെ രഹസ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജയിലില്‍ പോകേണ്ട ആളാണ് ഇപ്പോള്‍ ഞങ്ങളോട് ചോദ്യം ചേദിക്കുന്നത്. വേറെ ആര്‍ക്കെങ്കിലും എതിരെയായിരുന്നു റിപ്പോര്‍ട്ടെങ്കില്‍ ഇപ്പോള്‍ ഇ.ഡി റെയ്ഡും അറസ്റ്റും നടന്നേനെ. സി.പി.എം സഹായം ഉള്ളതുകൊണ്ടാണ് സുരേന്ദ്രന്‍ ജയിലില്‍ പോകാത്തതെന്നും വി.ഡി സതീശൻ പറഞ്ഞു

Tags:    
News Summary - Sangh Parivar attempt to create religious division in Kerala with the help of CPM- V. D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.