കൽപ്പറ്റ നഗരസഭ 1.42 കോടി മുടക്കിയ എസ്.സി വനിത ഹോസ്റ്റലിന് എന്ത് സംഭവിച്ചു?

കോഴിക്കോട്: കൽപ്പറ്റ നഗരസഭ 1.42 കോടി മുടക്കിയ എസ്.സി വനിത ഹോസ്റ്റലിന് എന്ത് സംഭവിച്ചു? ഈ ചോദ്യം ഉന്നയിച്ചത് ഓഡിറ്റ് റിപ്പോർട്ടിലാണ്. ഓഡിറ്റ് സംഘം മുനിസിപ്പൽ അധികരുമായി നടത്തിയ സംയുക്ത പരിശോധനയിൽ ഈ കെട്ടിടവും പരിസരവും പ്രാദേശവാസികളുടെ ആടുമാടുകളെ കെട്ടുന്നതിനും മറ്റുമായി ഉപയോഗിക്കുകയാണ്.

കൽപ്പറ്റ നഗരസഭ 12 -ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ പദ്ധതിയാണ് എസ്.സി വനിതാ ഹോസ്റ്റൽ നിർമാണം. ഒന്നാം ഘട്ടത്തിൽ 41,26,040 രൂപ മുതൽ മുടക്കി ഇടതു ബ്ലോക്ക്, സെല്ലാർ ഭാഗം ഗ്രൗണ്ട് നില, അടുക്കള ഭാഗം എന്നിവയുടെ സ്ട്രക്ചർ പ്രവർത്തി 2013ൽ നടത്തി.

രണ്ടാം ഘട്ടത്തിൽ 39,74,679 ലക്ഷം മുടക്കി ഇടഭിത്തികൾ, വാരിയ ജനലുകൾ സ്റ്റെയർ സ്റ്റാമ്പ്, പ്രവേശന ഭാഗം എന്നിവ നിർമിച്ചു. 2018ൽ 11,48,128രൂപയും 2019ൽ 20,36,225 രൂപയും മുടക്കിയതിന്റെ ഫയൽ ഓഢിറ്റിന് നൽകിയില്ല. അതിനാൽ ഏതുതരം പ്രവർത്തികളാണ് ചെയ്തതെന്ന് മനസിലാക്കുവാൻ സാധിച്ചിട്ടില്ല.

2018 ൽ 3,97,071 രൂപ മുടക്കി തെക്കു ഭാഗത്ത് ചുറ്റുമതിൽ നിർമിക്കാത്ത ഭാഗത്ത് ചെയിൻ ലിങ്ക് ഫെൻസിങ്ങ്, പോർച്ചിനോട് ചേർന്ന് സംരക്ഷണ ഭിത്തി, പുറകുവശത്ത് ഗെയ്റ്റ്, കെട്ടടത്തിന്റെ മുൻ വശത്തുള്ള റോഡിൽ കല്ലു പതിപ്പിക്കൽ എന്നിവ നടപ്പാക്കി. തുടർന്ന് അഞ്ചാം ഘട്ടമായി 25,56,636 രൂപ മുടക്കി ഒന്നാംനില കോൺക്രീറ്റ് തൂണുകൾ വാർത്ത് ചുമർ കെട്ടി വാതിലുകളുടെയും ജന്നലുകളുടെയും ഫ്രെിം ഫിറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനവും പൂർത്തിയാക്കി. മൂന്ന് നില കെട്ടിടം 2018 മാർച്ചിൽ നിർമാണം പൂർത്തിയാക്കുമ്പോൾ നഗരസഭ ആകെ ചെലവഴിച്ചത് 1,42,38,779 രൂപയാണ്.

ഓഡിറ്റ് റിപ്പോർട്ടിൽ പദ്ധതി നടത്തിപ്പിലെ നഗരസഭയുടെ കെടുകാര്യസ്ഥത അടിവരയിട്ട് രേഖപ്പെടുത്തി. പ്രോജക്ട് തയാറാക്കുന്നതിന് മുൻപായി നടത്തേണ്ട സാധ്യതാ പഠനം നഗരസഭ നടത്തിയതായി ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല.

നഗര മധ്യത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാറിയാണ് കെട്ടിട നിർമാമത്തിന് സ്ഥലം കണ്ടെത്തിയത്. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് പണി കഴിപ്പിച്ചിരിക്കുന്ന ഈ സ്ഥലത്തേക്കു എത്തിപ്പെടുക വളരെ ശ്രമകരമാണ്. ഈ കാര്യം എങ്ങനെയാണ് പരിഹരിക്കുന്നത് എന്നുള്ള കാര്യം ഫയലിൽ ഇല്ല.

എസ്.സി വനിതകൾക്ക് വേണ്ടിയുള്ള ഹോസ്റ്റലും ട്രെയിനിങ് സെന്റർ എന്നാണ് ഈ കെട്ടിടത്തിന് പേരെങ്കിലും. ആരെയൊക്കെയാണ് ഇവിടെ താസിപ്പിക്കുന്നത് എന്നും ആർക്കൊക്കെ എന്തൊക്കെ പരിശീലനങ്ങളാണ് നൽകുന്നതെന്നും ഫയലുകളിൽ വ്യക്തമല്ല.

മുൻധാരണകളൊന്നുമില്ലാതെ പ്രോജക്ട് തയാറാക്കി. 2013 മുതൽ 2018 വരെ സർക്കാരിൽ നിന്നും നിർമാണത്തിന് പണം നേടിയെടുത്ത് കെട്ടിട നിർമാണം പൂർത്തിയാക്കി. അതിൽ കവിഞ്ഞ് ഈ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാൻ നഗരസഭക്ക് കഴിഞ്ഞില്ല. കെട്ടിടം പണി പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും നഗരസഭ അധികൃതർ തുടർ നടപടി സ്വീകരിച്ചില്ല. ഇപ്പോഴും കെട്ടിടം എന്തു ചെയ്യണമെന്ന തീരുമാനത്തിലെത്തിച്ചേരാൻ നഗരസഭക്ക് സാധിച്ചിട്ടില്ല. 1.42 കോടി രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടം ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരിക്കാത്തതുമൂലം സർക്കാരിന് അത്രയും രൂപയുടെ പാഴ് ചെലവായി. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഇത്തരം പദ്ധതികൾക്ക് പാഴാക്കുന്നത് കോടിക്കണക്കിന് രൂപയാണ്.  

Tags:    
News Summary - What happened to the SC Women's Hostel, which the Kalpatta Municipal Corporation spent 1.42 crores on?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.