തൃശൂർ: സി.പി.എമ്മിലെ ഇ.കെ. മേനോനെ തോൽപ്പിച്ച് 1991ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ജയം 2021 വരെ തുടർന്ന തേറമ്പിൽ രാമകൃഷ്ണൻ കോൺഗ്രസിന് വേണ്ടി കാത്തുസൂക്ഷിച്ചതാണ് തൃശൂർ. 2016ലെ തെരഞ്ഞെടുപ്പിൽ തേറമ്പിലിനെ മാറ്റി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ മണ്ഡലം കാക്കാൻ ഏൽപ്പിച്ച കോൺഗ്രസിന് പിഴച്ചു. കാലങ്ങളായി കൂടെനിന്ന നഗര ഹൃദയ മണ്ഡലം ആ തെരഞ്ഞെടുപ്പിൽ വി.എസ്. സുനിൽ കുമാർ എന്ന സി.പി.ഐയിലെ യുവാവിന്റെ പക്ഷത്തുചേർന്നു.
2021ൽ കോൺഗ്രസ് വീണ്ടും പത്മജയെത്തന്നെ പരീക്ഷിച്ചു. മുമ്പ് തേറമ്പിൽ രാമകൃഷ്ണനോട് തോറ്റ ചരിത്രമുള്ള പി. ബാലചന്ദ്രനും ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുമായിരുന്നു എതിരാളികൾ. ബാലചന്ദ്രന് വേണ്ടി അന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ അമരത്ത് ഉണ്ടായിരുന്നത് വി.എസ്. സുനിൽ കുമാർ. കോൺഗ്രസിന് വീണ്ടും നഷ്ടം. ആയിരത്തിൽ താഴെ വോട്ടിന് ബാലചന്ദ്രൻ ജയിച്ചു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എത്തുമ്പോൾ കൗതുകകരമായ മാറ്റങ്ങൾക്ക് സാക്ഷിയാണ് തൃശൂർ ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ, നിർണായക നിയമസഭ മണ്ഡലമായ തൃശൂർ. 2016ൽ പത്മജയെ തോൽപ്പിച്ച വി.എസ്. സുനിൽ കുമാറാണ് എൽ.ഡി.എഫിന്റെ സി.പി.ഐ സ്ഥാനാർഥി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട് 2021ലെ നിയമസഭ തെരഞ്ഞെടപ്പിലും തോറ്റ സുരേഷ് ഗോപി വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ പഴയ പരാജയത്തിന്റെ കയ്പ് വിഴുങ്ങി പത്മജ സുരേഷ് ഗോപിയുടെ ബി.ജെ.പി പാളയത്തിലാണ്.
കോൺഗ്രസ് മിന്നൽ വേഗത്തിൽ സിറ്റിങ് എം.പി ടി.എൻ. പ്രതാപന്റെ മാറ്റി കൊണ്ടുവന്ന കെ. മുരളീധരന് 1998ലെ തൃശൂർ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ കണക്ക് തീർക്കണം. മാറ്റങ്ങൾക്കും കാലുമാറ്റങ്ങൾക്കും സാക്ഷിയായി കെ. കരുണാകരൻ എന്ന കരുത്തൻ രാഷ്ട്രീയ ചതുരംഗത്തിലെ കരുക്കൾ നീക്കിയ തൃശൂർ പൂങ്കുന്നത്തെ ‘മുരളീമന്ദിരം’ എന്ന ഭവനവും ഇവിടെയുണ്ട്.
കോൺഗ്രസിന്റെ കുത്തകയായിരുന്ന തൃശൂർ അസംബ്ലി മണ്ഡലം രണ്ട് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നേടിയ ജയത്തോടെ തങ്ങളുടെ പക്ഷത്തേക്ക് സ്ഥിരമായി ചാഞ്ഞുവെന്ന മിഥ്യാ ധാരണയൊന്നും സി.പി.ഐക്കും ഇടതുപക്ഷത്തിനും ഉണ്ടാകില്ല. കോൺഗ്രസിന് ഇപ്പോഴും ശക്തമായ അടിത്തറയുള്ള തൃശൂരിൽ പാർട്ടിക്കകത്തെ അസ്വാരസ്യങ്ങളാണ്, മറ്റ് പലയിടങ്ങളിലുമെന്നപോലെ തിരിച്ചടികൾക്ക് ഹേതു.
പുറമേക്ക് കാണിക്കുന്ന ഐക്യം അകത്തും ഉണ്ടെങ്കിൽ ഒത്തുപിടിച്ചാൽ ഇപ്പോഴും കോൺഗ്രസിന് ബാലികേറാമലയല്ല തൃശൂർ. പക്ഷെ, അങ്ങനെ സംഭവിക്കാനുള്ള കെട്ടുറപ്പ് ഇപ്പോഴും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് യാഥാർഥ്യം.
ബി.ജെ.പി, പ്രത്യേകിച്ച് സുരേഷ് ഗോപി തൃശൂർ ലോക്സഭ മണ്ഡലം പിടിക്കാൻ ഉന്നമിട്ട് വീണ്ടുമെത്തുമ്പോൾ ബി.ജെ.പി ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്ന നിയമസഭ മണ്ഡലത്തിലൊന്ന് തൃശൂരാണ്. വോട്ട് കണക്കുകൾക്കൊപ്പം മറ്റ് ചില ഘടകങ്ങൾകൂടി അതിലുണ്ട്. ടി.എൻ. പ്രതാപൻ 39.8 ശതമാനവും സി.പി.ഐയിലെ രാജാജി മാത്യു തോമസ് 30.9 ശതമാനവും വോട്ട് നേടിയ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി നേടിയത് 28.2 ശതമാനമാണ്.
രണ്ടാം സ്ഥാനത്തെത്തിയ സി.പി.ഐയിലെ രാജാജിയുമായി 27,634 വോട്ടിന്റെ വ്യത്യാസം മാത്രം. 2021ലെ നിയസമഭ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോയെങ്കിലും ജയിച്ച ബാലചന്ദ്രനുമായി 3,806 വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.
നായർ തുടങ്ങിയ മുന്നാക്ക സമുദായങ്ങൾക്കും ക്രൈസ്തവ വിഭാഗത്തിനും സ്വാധീനമുള്ള തൃശൂർ നിയമസഭ മണ്ഡലത്തിൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ, കൃത്യമായി പറഞ്ഞാൽ കോൺഗ്രസും സജീവമായി പങ്കുചേർന്ന ശബരിമലയുടെ പേരിലുള്ള പ്രക്ഷോഭകാലം മുതൽ ബി.ജെ.പി കരുത്ത് കൂട്ടിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് നേട്ടം ഉണ്ടായതെങ്കിലും ആ ക്യാമ്പിൽ ബി.ജെ.പി പക്ഷത്തേക്ക് ചുവടുമാറിയവർ ഏറെയാണ്, പ്രത്യേകിച്ചും സ്ത്രീ വോട്ടർമാർ.
ദീർഘകാലാടിസ്ഥാനത്തിൽ ‘ശബരിമല ഇംപാക്ട്’ ബി.ജെ.പിക്ക് ഗുണമായെന്ന് ചുരുക്കം. അതിന്റെ ഫലം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇടതുമുന്നണി സി.പി.ഐക്ക് നൽകിയ സീറ്റാണെങ്കിലും വി.എസ്. സുനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അമരത്ത് സി.പി.എമ്മാണുള്ളത്.
സുനിൽ കുമാറിനെ ജയിപ്പിച്ച് തൃശൂർ വീണ്ടെടുക്കാനുള്ള വാശിയിലാണ് സി.പി.ഐയും സി.പി.എമ്മും. എന്നാൽ, കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പേരിലുള്ള നടപടികളിൽനിന്ന് രക്ഷപ്പെടാൻ സി.പി.എമ്മും ബി.ജെ.പിയും ഡീലിലാണെന്ന ആരോപണം കോൺഗ്രസും സ്ഥാനാർഥി കെ. മുരളീധരനും ശക്തമായി ഉന്നയിക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ പോരാട്ടം കനക്കുകയാണ്. തൃശൂർ പൂരം തൊട്ടടുത്തെി, തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് പൂരം. രണ്ടും ആവേശഭരിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.