തൃശൂർ: ജയിൽ എങ്ങനെയുണ്ട്? വിനോദത്തിന് അവസരം ഉേണ്ടാ? ഭക്ഷണം എങ്ങനെയുണ്ട്? ജയിൽ ജീവിതത്തിൽ പഠിച്ച ഗുണപാഠം എന്താണ്?... ജയിൽ വാസം പൂർത്തിയായവർക്ക് ഇത്തരത്തിൽ പതിനഞ്ചോളം ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പുറത്തിറങ്ങാം. മാർച്ച് ഒന്നിനാണ് ജയിൽ വകുപ്പ് ഡി.ജി.പിയുടെ ചോദ്യാവലി എല്ലാ ജയിൽ മേധാവികൾക്കും ലഭിച്ചത്. രാജ്യത്തുതന്നെ ആദ്യമായാണ് ജയിലിലെ സേവനം തടവുകാർ വിലയിരുത്തുന്നത്.
ജയിൽ ജീവനക്കാരുടെ ആത്മമവീര്യം തകർക്കുന്നതാണ് ഈ രീതിയെന്ന വിമർശനവും ഉയരുന്നുണ്ട്. ജയിലിലെ അനുഭവങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും അന്തേവാസികളുടെ അഭിപ്രായം അടങ്ങുന്ന റിപ്പോർട്ട് എല്ലാമാസവും സമർപ്പിക്കാനാണ് ഡി.ജി.പിയുടെ ഉത്തരവ്. ജയിലിൽ വെച്ച് ഉദ്യോഗസ്ഥരിൽനിന്ന് ശാരീരിക, മാനസിക പീഡനം ഏറ്റിട്ടുണ്ടോ, ഭക്ഷണവും ചികിത്സയും യഥാസമയം കിട്ടിയോ, വിനോദത്തിനുള്ള സൗകര്യങ്ങൾ, കോടതിയിൽ കൃത്യസമയത്ത് ഹാജരാക്കിയോ, ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച സൗകര്യം, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളാണ് ഒറ്റവാക്കിൽ പൂരിപ്പിക്കാനുള്ളത്. ജയിൽ കാലയളവിൽ ലഭിച്ച ഗുണപാഠം വിശദമാക്കാൻ സ്ഥലം അനുവദിച്ചിട്ടുണ്ട്.
അതേസമയം, തടവുകാരുടെ അഭിപ്രായത്തിന് മുൻതൂക്കം കിട്ടുംവിധം ജോലിയുടെ സ്വഭാവം നിയന്ത്രിക്കപ്പെടുമെന്ന ആശങ്കയാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്. കോടതിയുടെ നിരീക്ഷണത്തിലുള്ള കുറ്റവാളികളുടെ മാനസിക പരിവർത്തനത്തിനുതകുന്ന സ്ഥാപനം എന്നതിൽനിന്ന് സേവനദാതാക്കളായി മാത്രം കാണുന്ന സമീപനമാണ് ചോദ്യാവലിയിൽ ഉള്ളതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംസ്ഥാനത്തെ ജയിലുകളെ അവസ്ഥ വിലയിരുത്താനാണ് ചോദ്യാവലി അയച്ചതെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് 'മാധ്യമ'ത്തോട് പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള ജയിലുകളിൽ ഇത്തരം നടപടികൾ നടപ്പാക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ എത്രയോ ഭേദമാണ് നമ്മുടെ ജയിലുകൾ. ഇവിടെ കുറേ കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.