വേലികെട്ടി ജീവിക്കാൻ മാത്രം എന്ത്‌ നിഗൂഢതയാണ്‌ പിണറായിക്കുള്ളത്? -നജീബ് കാന്തപുരം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ഏർപ്പെടുത്തിയിട്ടുള്ള പൊലീസ് സുരക്ഷയിൽ സംശയം ഉന്നയിച്ച് മുസ് ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എം.എൽ.എ. ക്ലിഫ്‌ ഹൗസിനു ചുറ്റുമുള്ള ഭീമാകാരമായ മതിലിനും മീതെ അതീവ ഉയരത്തിൽ മറച്ചു കെട്ടിയിരിക്കുകയാണെന്ന് നജീബ് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഈച്ച പോലും പറക്കാത്ത വിധം മറച്ചുവെക്കാൻ മാത്രം എന്താണ്‌ ക്ലിഫ്‌ ഹൗസിനുള്ളിലെന്നും ഇങ്ങനെ വേലികെട്ടി ജീവിക്കാൻ മാത്രം എന്ത്‌ നിഗൂഢതയാണ്‌ പിണറായി വിജയനുള്ളതെന്നും നജീബ് ചോദിച്ചു.

നജീബ് കന്തപുരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിനരികിലൂടെ യാത്ര ചെയ്തപ്പോൾ അത്ഭതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു. ക്ലിഫ്‌ ഹൗസിനു ചുറ്റുമുള്ള ഭീമാകാരമായ മതിലിനും മീതെ അതീവ ഉയരത്തിൽ മറച്ചു കെട്ടിയിരിക്കുന്നു.

ഒരു ഈച്ച പോലും പറക്കാത്ത വിധം മറച്ചുവെക്കാൻ മാത്രം എന്താണ്‌ ക്ലിഫ്‌ ഹൗസിനുള്ളിൽ? ഇങ്ങനെ വേലികെട്ടി ജീവിക്കാൻ മാത്രം എന്ത്‌ നിഗൂഢതയാണ്‌ ശ്രീ പിണറായി വിജയനുള്ളത്‌ ? കോട്ടയത്ത്‌ സുരക്ഷാ പ്രശ്നം ഉന്നയിച്ച്‌ പത്രക്കാർക്ക്‌ പോലും പാസ്‌ ഏർപ്പെടുത്തിയിരിക്കുന്നു.

കേരളം പോലെ ഒരു സംസ്ഥാനത്ത്‌ ഒരു രാഷ്ട്രീയ നേതാവിന്‌‌ ഇത്തരത്തിൽ എന്ത്‌ സുരക്ഷാ ഭീഷണിയാണുള്ളത്‌‌? ഇത്‌ രാഷ്ട്രീയമായല്ലെങ്കിൽ ഇപ്പറയപ്പെട്ട ആരോപണങ്ങളെല്ലാം ഗൗരവമായി കാണണം. മുഖ്യമന്ത്രി ഭയക്കുന്നത്‌ പ്രതിഷേധക്കാരെയല്ല, മറ്റാരെയോ ആണെന്ന് സംശയിച്ചു കൂടെ. അത്‌ ഒഴിവാകണമെങ്കിൽ ഇപ്പോൾ അടിയന്തരമായി ചോദ്യം ചെയ്യേണ്ടത്‌ ഷാജ്‌ കിരണിനെയാണ്‌.

ബിലീവേഴ്സ്‌ ചർച്ചിന്റെ യോഹന്നാനെയാണ്‌. കണ്ടെത്തേണ്ടത്‌ മുഖ്യമന്ത്രിക്ക്‌ ഇവരുമായി ഉണ്ടെന്ന് ആരോപിക്കപ്പെട്ട അവിശുദ്ധ ബന്ധമാണ്‌. അല്ലാതെ ആളുകൾക്ക്‌ മുമ്പിലും ജനപ്രതിനിധികൾക്കും മാധ്യമ പ്രവർത്തകർക്ക്‌ മുമ്പിലും ഇരുമ്പ്‌ മറ കെട്ടുകയല്ല വേണ്ടത്‌.

Tags:    
News Summary - What is the mystery of Pinarayi just living under a fence? -Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.