ഇവരുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്താണ്​​?

കോഴിക്കോട്: വയനാട് വെറ്ററിനറി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ ഉൾ​പ്പെട്ട റാഗിങ് കേസിൽ വിദ്യാർഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ ഫ്രറ്റേണിറ്റി പ്രവർത്തകനായ വിദ്യാർഥിക്കും തനിക്കും ഉണ്ടായ ദുരനുഭവം വിവരിച്ച് പിതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. വെൽഫെയർ പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയും നിലവിലെ ട്രഷററുമായ സജീദ് ഖാലിദ് ആണ് കാര്യവട്ടം ഗവൺമെന്റ് കോളേജ് അധികൃതർ, കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർ, കഴക്കൂട്ടം പൊലീസ് എന്നിവരിൽ നിന്നുണ്ടായ മോശം അനുഭവം ഫേസ്ബുകിൽ കുറിച്ചത്. കോളജ് അധികൃതരുടെ സമീപനം കാരണം മകന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതും വ്യാജ പരാതിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച സംഭവവും സജീദ് ഖാലിദ് കുറിപ്പിൽ വിവരിക്കുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

എല്ലാ വിധ തെമ്മാടിത്തങ്ങൾ കാണിച്ചാലും എസ്.എഫ്ഐ കാമ്പസിൽ കൂടുതൽ സീറ്റുകൾ എങ്ങനെ നേടുന്നു എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. അതിന് എനിക്ക് പറയാനുള്ള ഒരു അനുഭവം.. (അല്പം നീണ്ട കുറിപ്പാണ്)

2018 ലാണ് എൻ്റെ മൂത്ത മകൻ മുഹ്സിൻ പ്ലസ് ടൂ കഴിയുന്നത്. ബിരുദ പഠനത്തിന് അവൻ തന്നെ സെലക്ട് ചെയ്ത സബ്ജക്ടാണ് ബയോ കെമെസ്ട്രി. കിട്ടിയത് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ.

ജോയിൻ ചെയ്തു കുറച്ച് ദിവസങ്ങൾക്കുള്ളിൽ ക്യാമ്പസ് തെരെഞ്ഞെടുപ്പിന് നോട്ടിഫിക്കേഷനായി. നോട്ടിഫിക്കേഷൻ വന്ന ദിവസം ക്യാമ്പസിലെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും എസ്.എഫ്.ഐ ഗുണ്ടകൾ ഐ.ഡി കാർഡുകൾ വാങ്ങി വെയ്ക്കുന്നു.. അതിന് ഇടത് അധ്യാപക സംഘടനാ ഗുണ്ടകളുടെ പരസ്യ സഹായവുമുണ്ട്.

ഫ്രട്ടേണിറ്റി പ്രവർത്തകനായ എൻ്റെ മകൻ അവിടെ സ്ഥാനാർത്ഥിയായി ജനറൽ സീറ്റിൽ മത്സരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ഐഡി കാർഡില്ലാതെ നോമിനേഷൻ സാദ്ധ്യമല്ല. അവൻ ഐ.ഡി കാർഡ് വാങ്ങിയ സീനിയർ വിദ്യാർത്ഥികളോട് ഐ.ഡി കാർഡ് ആവശ്യപ്പെടുന്നു. അവർ നൽകുന്നില്ല. എന്നു മാത്രമല്ല അവനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതറിഞ്ഞ് പേരന്റ് എന്ന നിലയിൽ ഞാൻ നേരിട്ട് (ഒറ്റയ്ക്ക്) കോളേജിലെത്തി. പ്രിൻസിപ്പലിന് രേഖാമൂലം എൻ്റെ മകൻ റാഗിംഗിന് വിധേയമായതായും ഐ.ഡി കാർഡ് പിടിച്ച് പറിക്കപ്പെട്ടതായും പരാതി നൽകി.

ഞാൻ പ്രിൻസിപ്പലിൻ്റെ റൂമിന് പുറത്ത് പരാതിയുടെ രസീതിനായും തുടർ നടപടികൾക്കായും കാത്തു നിൽക്കെ ഒരു സംഘംവിദ്യാർത്ഥികൾ (അവരുടെ ബോഡി ലാംഗ്വേജും ഭാവും കണ്ടപ്പോൾ ഹിന്ദി സിനിമയിലെ അംരീഷ് പുരിയെ ആണ് ഓർമ വന്നത്) എൻ്റെ സമീപത്തെത്തി. എന്തിനാണ് വന്നത് എന്ന് എന്നോടാരാഞ്ഞു. നിങ്ങളെ കാണാനല്ല പ്രിൻസിപ്പലിനെ കാണാനാണ് വന്നത് എന്ന് ഞാൻ അവരോട് അക്ഷോഭ്യനായി ചിരിച്ചുകൊണ്ട് പറഞ്ഞു. അവരിലൊരാളുടെ കൈയിൽ ഞാൻ 10 മിനിറ്റ് മുമ്പ് പ്രിൻസിപ്പലിന് നൽകിയ പരാതിയുടെ കോപ്പി ഉണ്ടായിരുന്നു.

ഏതായാലും അധിക സമയം കഴിയും മുമ്പ് വീണ്ടും പ്രിൻസിപ്പൽ എന്നെ വിളിച്ചു. റാഗിംഗ് പരാതി ആയതിനാൽ പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുന്നു. മകനെ പോലീസ് വിളിപ്പിക്കും എന്നു പറഞ്ഞു. എസ്എഫ്ഐക്കാർ പിടിച്ച് പറിച്ച ഐ.ഡി കാർഡ് ക്ലാസിൽ എച്ച്.ഒ.ഡി എത്തിക്കും എന്നും പറഞ്ഞു.

മകൻ ക്ലാസിലേക്കും ഞാൻ തിരിച്ചും പോകാനിറങ്ങി. ഞാൻ കോളേജ് കാമ്പസ് കടക്കുന്നതുവരെ എൻ്റെ പിന്നാലെയും പോകുന്ന വഴിയിൽ വശങ്ങളിലുമായി ഒരു സംഘം വിദ്യാർത്ഥികൾ(?) എന്നെ പ്രകോപിപ്പിക്കാൻ കൂവകയും മറ്റ് പല കോപ്രായങ്ങളും കാട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്.

പിറ്റേദിവസം രാവിലെ 10 മണിക്ക് ഞാൻ തിരുവനന്തപുരത്ത് എൻ്റെ ഓഫീസിലിരിക്കെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺകോൾ. നിങ്ങളുടെ മകനെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. (യഥാർത്ഥത്തിൽ അവനെ പോലീസ് കോളേജിൽ നിന്ന് കൂട്ടികൊണ്ട് പോയതാണ്) താങ്കളുടെ മൊഴിയും വേണം എന്നു പറഞ്ഞാണ് ഫോൺ. കഴക്കൂട്ടത്ത് ഞാനെത്തണെമെങ്കിൽ ഒരു മണിക്കൂറെടുക്കും.

ഞാൻ പുറപ്പെടും മുമ്പ് തന്നെ കാര്യവട്ടത്തും കഴക്കൂട്ടത്തുമുള്ള വെൽഫെയർ പാർട്ടി പ്രവർത്തകരാരെങ്കിലും സ്റ്റേഷനിലേക്ക് പോകാൻ പറഞ്ഞു വിളിച്ചു. കണിയാപുരത്തുള്ള സിയാദും മുംതാസും സ്റ്റേഷനിലേക്ക് പോയി. ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും മകനെ പോലീസുകാർ സമ്മർദ്ദപ്പെടുത്തി പരാതി പിൻവലിച്ചതായി എഴുതി വാങ്ങിയിരുന്നു. സിയാദും മുംതാസും എത്തും മുമ്പ് തന്നെ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അവനെ വരുതിയിലാക്കാൻ പോലീസിന് കഴിഞ്ഞിരുന്നു.

ഞാൻ സ്റ്റേഷനിലെത്തിയപ്പോൾ എസ്.എച്ച്ഒയുടെ മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. മുറിയിൽ കയറിയതും എൻറെ നേരേ എസ്.എച്ച്.ഒ ഒരു ആക്രോശം. മൂലയിലോട്ട് മാറിനിൽക്കെടാ എന്നാണ് അയാൾ പറഞ്ഞത്. ഞാൻ ഭാവഭേദം കാട്ടാതെ കസേര വലിച്ചിട്ട് എസ്.എച്ച്.ഒയുടെ മുന്നിലിരുന്നു. ഞാൻ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയാണ് എന്നു പറഞ്ഞതോടെ എസ്.എച്ച്.ഒയുടെ എടാ വിളി സാർ എന്ന വിളിയായി മാറി.

സാറിനെതിരെ കാര്യവട്ടം കോളേജിലെ ഒരു പെൺകുട്ടിയുടെ പരാതി കിട്ടിയിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട ആ കുട്ടിയെ ജാതിപ്പേര് വിളിച്ചു എന്നാണ് പരാതി.(ഭാഗ്യം പീഢനമല്ല). ഞാൻ പറഞ്ഞു സാർ കേസെടുത്തോളൂ.

ഉടനെ എസ്എച്ച്.ഒ ചിരിച്ചുകൊണ്ട് പറഞ്ഞു അത് കള്ളപ്പരാതിയാണ് എന്നറിയാം..അല്ലെങ്കിൽ തന്നെ നേരത്തേ കണ്ടുപോലും ഒരു പരിചയവുമില്ലാത്തയാളെ ജാതിപ്പേര് വിളിക്കാൻ എങ്ങനെ കഴിയും. എന്നു കൂടി എസ്.എച്ച്.ഒ പറഞ്ഞു. ഏതായാലും മകൻ പരാതി പിൻവലിച്ചു. ഇന്ന് നോമിനേഷൻ ദിവസമല്ലേ. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ മത്സരിച്ചില്ലെങ്കിൽ സാറിന് തന്നെ ക്ഷിണമാകും, നോമിനേഷൻ നൽകാൻ എല്ലാ പ്രോട്ടക്ഷനും ഞാൻ നൽകാം. എന്നു പറഞ്ഞ് അവനെ പോലീസ് വാഹനത്തിൽ കോളേജിൽ തിരിച്ച് എത്തിച്ചു. ഞാൻ പാർട്ടി പ്രവർത്തകരോടൊപ്പം കോളേജിന് സമീപത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലിരുന്നു.

കുറച്ച് കഴിഞ്ഞ് വീണ്ടും മുഹ്സിൻ പുറത്തു വന്നു. നോമിനേഷൻ നൽകാൻ വരണാധികാരിയുടെ ഓഫീസിൽ കയറാനാകുന്നില്ല. അൻപതിലധികം പെൺകുട്ടികൾ വാതിൽ ഉപരോധിച്ചിരിക്കുന്നു. അവൻ തന്നെ നേരേ പുറത്തുള്ള എസ്.എച്ച്.ഒ യോട് കാര്യം പറഞ്ഞു. മൂന്ന് വനിതാ പോലീസുകാരടക്കമുള്ള പോലീസ് സംഘം കാമ്പസിലെത്തി. മകനെ വരണാധികാരിയുടെ ഓഫീസിലെത്തിച്ചു, അപ്പോൾ സമയം 2 മണി. വരണാധികാരി സ്ഥലത്തില്ല. 3 മണിവരെയാണ് നോമിനേഷൻ സമയം. 3.10 വരെ വരണാധികാരി വന്നില്ല. 3.10 ന് എത്തി വരണാധികാരി പറഞ്ഞു നോമിനേഷൻ സമയം കഴിഞ്ഞിരിക്കുന്നു.

എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ ക്കാർ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്, വർഗീയത തുലയട്ടെ എന്നിങ്ങനെ മുദ്രാവാക്യം മുഴക്കി

വാൽ കുറി- കേരളത്തിലെ കലായങ്ങളിലെ മഹത്തായ സ്വാതന്ത്ര്യം കണ്ടിട്ടാകണം മുഹ്സിൻ ഇപ്പോൾ ജർമ്മനിയിലെ TU Dresden (Technische Universität Dresden) എന്ന യൂണിവേഴ്സിറ്റിയിലേക്ക് ഉപരി പഠനത്തിന് ചേക്കേറി.

(കാര്യവട്ടം കാമ്പസിലെ അനുഭവങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.. പിന്നീടെപ്പോഴെങ്കിലും ബാക്കി എഴുതാം)

Tags:    
News Summary - What is their freedom, democracy and socialism?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.