കണ്ണൂർ: പാർട്ടിയുടെയും നേതാക്കളുടെയും ശൈലി മാറുമെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൈക്കിന്റെ പേരിൽ താൻ ആരെയും ശകാരിച്ചിട്ടില്ലെന്നും മൈക്ക് പണിമുടക്കിയപ്പോൾ തമാശയായി ഓപറേറ്ററോട് ചില കാര്യങ്ങൾ പറയുകയാണുണ്ടായതെന്നും അതാണ് താൻ ഓപറേറ്റർക്ക് ക്ലാസെടുക്കുന്നു എന്ന നിലക്ക് ചർച്ചയായതെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ച യോഗത്തിൽ മറുപടി പ്രസംഗം നടത്തവേയാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം.
മുഖ്യമന്ത്രി ഉൾപ്പെടെ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടാവും. എല്ലാ ശൈലിയും മാറ്റാനാവില്ല. എന്നാൽ, മാറ്റാവുന്നത് മാറ്റിയിരിക്കും. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതിയുണ്ടാവരുത്. ദേശീയ രാഷ്ട്രീയ സാഹചര്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുണ്ടായ വോട്ട് ചോർച്ച അന്വേഷിക്കും. പയ്യന്നൂരിലെ വോട്ട് ചോർച്ച അന്വേഷിക്കാൻ പ്രത്യേക കമീഷനെ നിയോഗിക്കാനും ജില്ല സമിതി യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ വിമർശനത്തിൽ അവർ മറുപടി പറയാത്ത കാര്യവും ജില്ല സമിതിയിൽ അംഗങ്ങൾ ഉന്നയിച്ചു. വീണ വിജയൻ മിണ്ടാതിരിക്കുകയും എ.കെ. ബാലൻ ന്യായീകരണവുമായി രംഗത്തുവന്നതിനെയും അംഗങ്ങൾ ചോദ്യംചെയ്തു. ഇത്തരം കാര്യങ്ങൾക്കൊന്നും കൃത്യമായ മറുപടി സംസ്ഥാന സെക്രട്ടറി പറഞ്ഞില്ല. അതേസമയം, നേതാക്കളുടെ ശൈലി മാറുമെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.