'മാധ്യമ'ത്തിനെതിരെ വിദേശ രാജ്യത്തിന് കത്തെഴുതാനുള്ള എന്ത് അവകാശമാണ് മന്ത്രിക്കുള്ളത് -വി.ഡി സതീശൻ

കെ.ടി ജലീലിനെതിരെ ഗുരുതരമായ ആരോപണമാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വപ്‌ന സുരേഷിന് വിശ്വാസ്യതയില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സ്വപ്‌നയുടെ വെളിപ്പെടുത്തലിന് തെളിവുകളുണ്ടല്ലോ. വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിദേശത്ത് നിന്നുള്ള മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് കൊണ്ടു വരേണ്ട സമയത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗമായി നിന്നപ്പോള്‍ ഇനിയും ആളുകള്‍ മരിക്കണമോയെന്ന ചോദ്യമുയര്‍ത്തി, അതുവരെ വിദേശത്ത് മരിച്ചവരുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് മാധ്യമം ദിനപത്രം ഒന്നാം പേജ് പ്രസിദ്ധീകരിച്ചത്. ഇതൊരു കുത്തിത്തിരുപ്പാണെന്ന് അന്നു തന്നെ മുഖ്യമന്ത്രി പറഞ്ഞു. അന്ന് മന്ത്രിയായിരുന്ന ജലീല്‍ ഈ പത്രത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദേശ രാജ്യത്തിന് കത്തെഴുതിയത്. യു.എ.ഇ സര്‍ക്കാരിന്റെ കുഴപ്പം കൊണ്ടാണ് ആളുകള്‍ മരിച്ചതെന്നാണ് പത്രം പറയുന്നതെന്നാണ് കത്തില്‍ ആരോപിച്ചത്. ഇത്തരത്തില്‍ തെറ്റായ വിവരമൊന്നും പത്രത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി പത്രത്തിനെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. വിദേശ രാജ്യത്തിന് കത്തെഴുതാനുള്ള എന്ത് അവകാശമാണ് സംസ്ഥാന മന്ത്രിക്കുള്ളത്?

Full View


പൂര്‍ണമായ പ്രോട്ടോകോള്‍ ലംഘനമാണുണ്ടായത്. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ കടന്നു കയറ്റം കൂടിയാണിത്. തങ്ങള്‍ക്ക് എതിരെ വാര്‍ത്ത എഴുതിയ ഒരു മാധ്യമത്തെ ഇല്ലാതാക്കാന്‍, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി ഇരുന്ന് സംസാരിക്കുന്ന ആളുകള്‍ രഹസ്യമായി ചെയ്തതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വ്യക്തിപരമായ സൗഹൃദം കൊണ്ടാണ് കത്തെഴുതിയതെന്നാണ് പറയുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയനായി നില്‍ക്കുന്ന കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നെന്ന് ജലീല്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. പത്രത്തെ പൂട്ടിക്കാന്‍ വേണ്ടി രഹസ്യമായി നടത്തിയ ശ്രമമാണ് ഇപ്പോള്‍ പുറത്തായത്. മന്ത്രി സ്ഥാനം ഏതെല്ലാം തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. രേഖകളെല്ലാം പുറത്ത് വന്നതോടെ ആരോപണങ്ങള്‍ ജലീല്‍ സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും സ്വപ്‌ന സുരേഷിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവര്‍ അതില്‍ നിന്നും പിന്‍മാറണം. അവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോയെന്ന് അന്വഷിക്കണം. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് കേസന്വേഷണം അവസാനിപ്പിക്കപ്പെട്ടത്. മൂടി വച്ച സത്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ട്. വിദേശരാജ്യത്തോട് ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് മന്ത്രി കത്തെഴുതിയത് സര്‍ക്കാരിന്റെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിവിര്‍ വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറുമെന്നും സതീശൻ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കുന്ന, നിലപാടുകളിലെ വ്യക്തത ഉയര്‍ത്തിപ്പിടിക്കുന്ന നേതൃസംഗമത്തിന് കെ. കരുണാകരന്‍ നഗറില്‍ നടക്കുന്ന ചിന്തന്‍ ശിവിര്‍ വേദിയാകും. ഫലപ്രദമായ ചര്‍ച്ചകളും ആശയവിനിമയവും സംവാദങ്ങളും ഇവിടെ നടക്കും. ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും നടക്കും. കോണ്‍ഗ്രസിനെ കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള തുടക്കം കോഴിക്കോട് ചിന്തന്‍ ശിവിറില്‍ നിന്നായിരിക്കും.

സ്വര്‍ക്കള്ളക്കടത്ത് വെളിപ്പെടുത്തലില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള വ്യാപക ശ്രമങ്ങളാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു, എ.കെ.ജി സെന്ററിലേക്ക് സ്വയം പടക്കം എറിഞ്ഞു. ഭരണഘടനാവിരുദ്ധ പരാമര്‍ശവും സ്ത്രീവിരുദ്ധ പരാമര്‍ശവും ഉണ്ടായി. മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ശ്രദ്ധ തിരിക്കുന്നതിനുള്ള വ്യാപക ശ്രമങ്ങളാണുണ്ടായത്. വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന തെറ്റായ പ്രചാരണം നടത്തിയും കേരളത്തില്‍ വ്യാപകമായി അക്രമങ്ങളുണ്ടാക്കി. അക്രമങ്ങള്‍ കൊണ്ടൊന്നും കോണ്‍ഗ്രസിനെ തകര്‍ക്കാനാകില്ലെന്ന തിരിച്ചറിവ് സി.പി.എമ്മിനുണ്ടാകണം. പ്രവര്‍ത്തകരെ സംരക്ഷിക്കാനും ചേര്‍ത്ത് നിര്‍ത്താനും പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ചും ഗൗരവതരമായി കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കും.

സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതില്‍ ഇ.ഡിക്ക് പരിമിതികളുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം മാത്രമെ ഇ.ഡിക്കുള്ളൂ. എന്‍.ഐ.എക്കും കസ്റ്റംസിനും ഇത്തരം പരിമിതികളുണ്ട്. ഇവരുടെയൊക്കെ അധികാര പരിധിക്കും അപ്പുറത്തേക്കുള്ള ഇടപെടലുകളാണ് സ്വര്‍ണക്കടത്ത് കേസില്‍ നടന്നത്. അതുകൊണ്ടാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വന്ന അന്ന് മുതൽക്കെ ഹൈക്കോടതി നിരീക്ഷണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സിയെന്ന നിലയില്‍ സി.ബി.ഐയെയും പൂര്‍ണമായും വിശ്വസിക്കാനാകാത്തതിനാലാണ് ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെടുന്നത്. ആ നിലപാട് യു.ഡി.എഫ് മാറ്റിയിട്ടില്ല. അതില്‍ ഉറച്ച് നില്‍ക്കുന്നു.

മന്ത്രി ആന്റണി രാജു രാജി വക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തേക്കാള്‍ പ്രധാനം നിയമ നടപടികളാണ്. നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ചു കൊണ്ട് അടിവസ്ത്രത്തില്‍ ഹാഷിഷ് കലര്‍ത്താന്‍ ശ്രമിച്ച വിദേശിയെ രക്ഷപ്പെടുത്താന്‍ വേണ്ടി നാണം കെട്ടതും അശ്ലീലവുമായ നടപടിയാണ് ചെയ്തത്. അങ്ങനെയുള്ള ആളാണ് മന്ത്രിയായി ഇരിക്കുന്നത്. രാജിവച്ച് പുറത്ത് പോകാന്‍ ആന്റണി രാജു തയാറാകണം. രാജിവച്ചില്ലെങ്കില്‍ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം. കേസില്‍ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

കെ.കെ രമയെ നിശബ്ദയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ളതാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഭീഷണി കത്ത്. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ടും മുഖം വികൃതമാക്കിയിട്ടും തീരാത്ത പകയാണ് അദ്ദേഹത്തിന്റെ ഭാര്യയോടും കാണിക്കുന്നത്. രമ സംസാരിക്കുമ്പോള്‍ ചന്ദ്രശേഖരന്റെ ശബ്ദമാണ് നിയമസഭയില്‍ മുഴങ്ങുന്നത്. അത് സര്‍ക്കാരിനും സി.പി.എമ്മിനും നടുക്കമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് രമയെ വേട്ടയാടുന്നതും ഭീഷണിപ്പെടുത്തുന്നതും. രമയെ ഇല്ലാതാക്കുമെന്നാണ് പറയുന്നത്. ഇത്തരം ഭീഷണികള്‍ക്ക് മുന്നിലൊന്നും രമയോ കേരളത്തിലെ യു.ഡി.എഫോ തലകുനിക്കില്ല. നാല് ചുറ്റും നിന്ന് യു.ഡി.എഫ് രമക്ക് സംരക്ഷണമൊരുക്കും.

കത്തില്‍ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും എതിരായ ഭീഷണി കാര്യമായി എടുക്കുന്നില്ല. അമ്പലപ്പുഴ എം.എല്‍.എ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും റോഡിലൂടെ നടന്നാല്‍ കൈക്കരുത്ത് അറിയുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തിരുവനന്തപുരത്ത് കാല് കുത്തിക്കില്ലെന്നും നിയമസഭയില്‍ കയറ്റില്ലെന്നും ഡി.വൈ.എഫ്.ഐ നേതാവ് പറഞ്ഞു. ഞാന്‍ ഇപ്പോഴും കേരളത്തിലൂടെ തന്നെയാണ് നടക്കുന്നത്. അത്തരം ഭീഷണികളിലൊക്കെ ഭയപ്പെടുകയും ആയിരം പൊലീസുകാര്‍ക്കിടയില്‍ ഒളിക്കുകയുമൊക്കെ ചെയ്യുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഞങ്ങളൊന്നും ഭീരുക്കളല്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. ഒന്നും അറിയാതെ ആരെയെങ്കിലും ആക്ഷേപിക്കുന്നത് ശരിയല്ല. നിരന്തരമായി നടക്കുന്ന കസ്റ്റഡി മരണങ്ങളെ കുറിച്ച് അന്വേഷിക്കണം. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ടാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. ലോക്കപ്പിനുള്ളില്‍ പലരും പൊലീസ് മര്‍ദ്ദനത്തിന് ഇരയാകുന്നുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് ഗൗരവമായി അന്വേഷിക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - What right does the minister have to write a letter to a foreign country against 'madhyamam' -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.