മന്ത്രി പറഞ്ഞത് മര്യാദകേട്; അസംബന്ധം പറഞ്ഞ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: പട്ടിണി കിടക്കുന്നവരൊന്നും കളി കാണേണ്ടെന്ന മന്ത്രി അബ്ദുറഹ്‌മാന്റെ പ്രസ്താവന എല്ലാവരെയും ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് ഇത് പറഞ്ഞത്. മര്യാദകേടും അസംബന്ധവുമാണ് മന്ത്രി പറഞ്ഞത്. മൂന്ന് നേരവും ഭക്ഷണം കഴിക്കാത്ത ആളുകള്‍ ഇന്നും നാട്ടിലുണ്ട്.

അവരൊന്നും കളി കാണേണ്ടെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് ഇതൊക്കെ നടത്തുന്നത്. ചില ക്ലബ്ബുകളില്‍ സ്യൂട്ടും ബൂട്ടും കോട്ടും ഇടുന്നവര്‍ക്ക് മാത്രമെ പ്രവേശനമുള്ളൂവെന്ന് പറയുന്നത് പോലെയാണ് ക്രിക്കറ്റ് മത്സരം കാണുന്നതില്‍ നിന്നും പട്ടിണി കിടക്കുന്നവരെ മാറ്റി നിര്‍ത്തുമെന്ന് മന്ത്രി പറഞ്ഞത്. പൊതുപ്രവര്‍ത്തകന്റെ നാവില്‍ നിന്നാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരിക്കുന്നത്.

എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നാണമുണ്ടോ? പാവങ്ങളെ കുറിച്ച് അസംബന്ധം പറഞ്ഞ മന്ത്രിയെ ഒരു മണിക്കൂര്‍ പോലും ആ കസേരയില്‍ ഇരിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കരുത്. പട്ടിണി കിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന് പറയുന്ന സി.പി.എമ്മിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പോലെ പ്രതിപക്ഷവും വിമര്‍ശിക്കപ്പെടും. അത്തരം വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല. ഗൗരവതരമായ കാര്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നതെങ്കില്‍ അത് പരിശോധിക്കും. സമുദായ സംഘടന രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കാന്‍ പാടില്ലെന്നു പറയാനാകില്ല. സമുദായ സംഘടനകളെ നേരത്തെയും വിമര്‍ശിച്ചിട്ടുണ്ട്. അങ്ങനെയൊരു അവസരം വന്നാല്‍ ഇനിയും വിമര്‍ശിക്കും. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി എതിര്‍ക്കും.

സ്‌കൂള്‍ കലോത്സവത്തില്‍ വിളമ്പുന്ന ഭക്ഷണത്തെച്ചൊല്ലി മനപൂര്‍വമായ വിവാദങ്ങളുണ്ടാക്കി വര്‍ഗീയമായ ഒരു പരിസരം സൃഷ്ടിച്ചിരിക്കുകയാണ്. 16 വര്‍ഷവും ഒരു പരാതിയുമില്ലാതെയാണ് പഴയിടം മോഹനന്‍ നമ്പൂതിരി കലോത്സവങ്ങള്‍ക്ക് ഭക്ഷണം വിളമ്പിയത്. അങ്ങനെയുള്ള ആളെ എന്തിനാണ് അപമാനിക്കുന്നത്. വെജിറ്റേറിയന്‍ വേണോ നോണ്‍ വെജിറ്റേറിയന്‍ വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പോരെ.

പേരിന്റെ അറ്റത്ത് നമ്പൂതിരി എന്നൊരു പദം ഉണ്ടെന്നു കരുതി ആ മനുഷ്യനെ അപമാനിക്കേണ്ട കാര്യമില്ലായിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്ന ആളുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളോട് യോജിക്കാനാകില്ല. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയതയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന സമീപനത്തോട് യോജിക്കാനാകില്ല. കലോത്സവത്തിന്റെ തന്നെ ശോഭയ്ക്ക് മങ്ങലേല്‍പ്പിച്ച ചര്‍ച്ചയാണ് നടന്നത്.

Tags:    
News Summary - What the minister said was rude; VD Satheesan wants the Chief Minister to fire the minister who spoke nonsense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.