കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ വാഹനത്തിന്‍റെ വീൽനട്ടുകൾ ഇളകിമാറിയ നിലയിൽ കണ്ടെത്തി. വാഹനത്തിന്‍റെ ഒരു വശത്തെ നാല് വീല്‍നട്ടുകളും ഇളകിയ നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് സി.എം.എസ് കോളജിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പുറപ്പെടാൻ തുടങ്ങിയപ്പോഴാണു വാഹനത്തിന്‍റെ വീൽനട്ട് ഇളകിയത് ശ്രദ്ധയിൽപെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ ഡ്രൈവറാണ് ഇത് കണ്ടത്. തുടർന്ന് വാഹനത്തിലുള്ളവർ പുറത്തിറങ്ങി നട്ടുകൾ മുറുക്കിയാണ് യാത്ര തുടർന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ രംഗത്തെത്തി. വലിയ അപകടത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ രക്ഷപ്പെട്ടതെന്നും പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ച് ദുരൂഹത നീക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചാണ്ടി ഉമ്മനെതിരെ സി.പി.എമ്മിലെ ജെയ്ക് സി. തോമസാണ് ഇടത് സ്ഥാനാർഥി. സെപ്റ്റംബർ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.