തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ട്വീറ്റുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫാഷിസ്റ്റ് ഭരണകൂടങ്ങൾ വേട്ടയാടുമ്പോൾ യഥാർഥ നേതാവ് നിങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നാണ് സതീശൻ ട്വീറ്റ് ചെയ്തത്.
സത്യസന്ധതയുടെയും ധൈര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും പ്രതിരൂപമായ നമ്മുടെ പ്രിയപ്പെട്ട നേതാവിനോടൊപ്പമെന്ന് രാഹുലിനും കെ. സുധാകരനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സതീശൻ വ്യക്തമാക്കി. കെ. സുധാകരന് പിന്തുണ നൽകുക വഴി സംസ്ഥാന കോൺഗ്രസിലെ എതിർ ശബ്ദങ്ങൾക്കാണ് സതീശൻ മുന്നറിയിപ്പ് നൽകിയത്.
കെ.പി.സി.സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടിയിലും പ്രതിപക്ഷ നേതാവിനെതിരായ കേസിലും രൂക്ഷ വിമർശനവുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കെ. സുധാകരനും വി.ഡി സതീശനും എതിരായ പിണറായി സർക്കാറിന്‍റെ നടപടിക്കെതിരെ ട്വീറ്റിലൂടെയാണ് രാഹുൽ വിമർശിച്ചത്.
ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ ഭയമില്ലെന്ന് രാഹുൽ വ്യക്തമാക്കി. കൂടാതെ, കെ. സുധാകരനും വി.ഡി സതീശനും ഒപ്പമുള്ള ചിത്രവും രാഹുൽ ട്വീറ്റ് ചെയ്തു.
മോൻസൺ മാവുങ്കലിനെതിരായ കേസിൽ കെ.പി.സി.സി അധ്യക്ഷനെ അറസ്റ്റ് ചെയ്ത നടപടിയും പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവിനെതിരായ വിജിലൻസ് കേസും രാഹുലുമായുള്ള കൂടികാഴ്ചയിൽ ചർച്ചയായെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടാതെ, സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുനേതാക്കൾക്കും എതിരെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി രംഗത്തിറങ്ങിയ സാഹചര്യവും ഹൈക്കമാൻഡിന്‍റെ മുമ്പാകെ അവതരിപ്പിക്കാനും കൂടിയായിരുന്നു ഡൽഹി യാത്ര. ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ കണ്ട് പരാതി ഉന്നയിക്കാൻ നേരകത്തെ തീരുമാനിച്ചിരുന്നു. പക്ഷേ, ഒരുമുഴം മുൻപെ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഡൽഹിലെത്തിയത് ഗ്രൂപ്പ് നേതാക്കൾക്ക് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.