മുതലമട: പുറംപോക്കുകളിൽ കഴിയുന്ന ആദിവാസികൾക്ക് വാസസ്ഥലം എപ്പോൾ. മുതലമട പഞ്ചായത്തിൽ ചുള്ളിയാർ ഡാം, കിണ്ണത്തുമുക്ക്, വെള്ളാരൻ കടവ്, നരിപ്പാറ ചള്ളമ്പതി, ചുടുകാട്ടുവാര, കൊട്ടപ്പള്ളം, മുച്ചകുണ്ട്, കരടിക്കുന്ന് എന്നിവിടങ്ങളിൽ വസിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർ ചോദിക്കുന്നു ‘ഞങ്ങൾക്ക് എപ്പോൾ ഭൂമിയും ഭവനവും ലഭിക്കുമെന്ന്’.
ഇത്തരത്തിൽ 200ൽ അധികം കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിലുള്ളത്. മാവിൻ തോട്ടങ്ങളിലും തെങ്ങിൻ തോട്ടങ്ങളിലും മൂന്ന് പതിറ്റാണ്ടിലധികം വസിക്കുന്ന തൊഴിലാളി കുടുംബങ്ങളിൽ 70 ശതമാനവും ഭവനവും വീടും ഇല്ലാത്തവരാണ്. ചുള്ളിയാർ ഡാമിനടുത്ത കിണ്ണത്തുമുക്കിൽ വസിക്കുന്ന കാളിയപ്പൻ- കാളിയമ്മ ദമ്പതികൾക്ക് ഇതുവരെയും ഒരുതുണ്ട് ഭൂമി ലഭിച്ചിട്ടില്ല.
ആദിവാസി വിഭാഗത്തിലെ 65കഴിഞ്ഞ കാളിയപ്പൻ അഞ്ചിലധികം തവണ ഭൂമിക്കും ഭവനത്തിനുമായി അപേക്ഷ നൽകിയെങ്കിലും അപേക്ഷകൾ ഇതുവരെ വെളിച്ചം കാണാത്തതിനാൽ പുറംപോക്കിൽ കുടിൽക്കെട്ടികിടക്കുകയാണ്. മക്കളും ചെറുമക്കളും ഉള്ള ഈ കുടിലിലേക്ക് തെരഞ്ഞെടുപ്പ് കാലത്തുമാത്രമാണ് ആരെങ്കിലും അന്വേഷിച്ച് എത്താറുള്ളതെന്ന് കാളിയമ്മ പറയുന്നു. ആദിവാസികൾക്ക് മരിക്കുന്നതിനു മുമ്പെങ്കിലും ഭൂമിയും വീടും സർക്കാർ അനുവദിക്കണമെന്നാണ് പുറമ്പോക്കിൽ വസിക്കുന്നവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.