കോട്ടയം: പുതുപ്പള്ളിക്ക് സമാനമായ വികസനം കണ്ണൂരിൽ സി.പി.എം സ്ഥിരമായി ജയിക്കുന്ന ഏതെങ്കിലും മണ്ഡലത്തിൽ ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ എന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വികസനമില്ലെന്ന എൽ.ഡി.എഫ് ആരോപണം ഉന്നയിച്ചത് കൊണ്ട് സത്യം സത്യമല്ലാതാകില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്നലെ 12 കിലോമീറ്റർ ചെരുപ്പില്ലാതെയാണ് താൻ നടന്നത്. പുതുപ്പള്ളി മണ്ഡലത്തിൽ നല്ല റോഡുകളില്ലെന്ന് എന്തിനാണ് ചിലർ പറയുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈബർ അധിക്ഷേപങ്ങളെ കാര്യമാക്കുന്നില്ല. 20 വർഷമായി പിതാവിനെയും കുടുംബത്തേയും വേട്ടയാടിയതാണ്. അത് ഇന്നും തുടരുകയാണ്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കള്ളവോട്ടുകൾ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഒരു മാസത്തോളം നീണ്ട നാടിളക്കി പ്രചാരണമാണ് ഇന്നലെ അവസാനിച്ചത്. ഇന്ന് വീടുകൾ കയറിയുള്ള വോട്ടഭ്യർഥനക്കും സ്ലിപ്പുകൾ നൽകുന്നതിനുമൊക്കെയാകും മുന്നണികളും സ്ഥാനാർഥികളും സമയം കണ്ടെത്തുക.
മറ്റ് രണ്ട് സ്ഥാനാർഥികളും വാഹനങ്ങളിൽ റോഡ് ഷോ നടത്തിയപ്പോൾ ജോഡോ ഇന്ത്യ യാത്രയിൽ പങ്കെടുത്തതിന് സമാനമായി മിക്ക പഞ്ചായത്തുകളിലും കാൽനടയായായിരുന്നു ചാണ്ടി ഉമ്മന്‍റെ അവസാനവട്ട പ്രചാരണം. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.