'ബസ് കാത്തുനിൽക്കാൻ പോലും പറ്റാത്ത സാഹചര്യം'; ആരെ ഭയന്നാണ് മുഖ്യമന്ത്രി 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നതെന്ന് വി.ഡി. സതീശൻ

കോഴിക്കോട്: ആരെ ഭയന്നാണ് മുഖ്യമന്ത്രി 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം മുന്‍കരുതല്‍ എന്ന പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് യൂത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുകയാണ്. കരുതല്‍തടങ്കല്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി രണ്ട് മണിക്കൂറിന് ശേഷം അതുവഴി പോകുന്നുണ്ടെന്ന് പറഞ്ഞാണ് പെരുമ്പാവൂരില്‍ യൂത്ത് കേണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തവരെയെല്ലാം കരുതല്‍ തടങ്കലിലാക്കിയത്. യോഗം ചേരാനുള്ള അവകാശം നിഷേധിച്ചിട്ടുണ്ടോ? കരിങ്കൊടി പ്രതിഷേധം പാടില്ലെന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്?

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കല്ലെറിഞ്ഞവരാണ് സി.പി.എമ്മുകാര്‍. വഴിയരികില്‍ നിന്ന് കരിങ്കൊടി കാണിക്കുന്നതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്? സത്യഗ്രഹ സമരം നടത്താന്‍ മാത്രമെ പ്രതിപക്ഷത്തിന് അറിയൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അങ്ങനെ സത്യഗ്രഹം മാത്രം നടത്താന്‍ അറിയുന്ന പ്രതിപക്ഷത്തെ ഭയന്ന് മുഖ്യമന്ത്രി എന്തിനാണ് 40 വണ്ടികളുടെ അകമ്പടിയില്‍ യാത്ര ചെയ്യുന്നത്?

കുറെക്കാലം കറുപ്പിനോടായിരുന്നു മുഖ്യമന്ത്രിക്ക് ദേഷ്യം. ഇപ്പോള്‍ വെളുത്ത വസ്ത്രമിട്ട് വരുന്ന കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ട് പോകുകയാണ്. ഒരാളും താന്‍ യാത്ര ചെയ്യുന്ന വഴികളില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുകയാണ്. ബസ് കാത്ത് പോലും ആരും നില്‍ക്കാന്‍ പാടില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യമെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Who chief minister afraid of when traveling in 40 vehicles? V.D. Satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.