കൽപറ്റ: കർണാടകയിൽ ജോലിക്ക് പോകുന്ന ആദിവാസികളുടെ ദുരൂഹ മരണങ്ങൾ തുടരുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ ഉൾപ്പെടെ ജോലിക്ക് പോയ ആദിവാസികൾക്കിടയിൽ നിരവധി ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാല് ദിവസം മുമ്പ് കർണാടകയിലെ ബിരുണാണിയിൽ സുഹൃത്തിനൊപ്പം ജോലിക്ക് പോയ ബാവലി സ്വദേശിയെ ബുധനാഴ്ച വൈകുന്നേരം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ദുരൂഹ മരണങ്ങളിൽ അവസാനത്തേത്.
ഷാണമംഗലം കോളനിയിലെ അടിയ വിഭാഗത്തിൽപെട്ട ബിനീഷിനെ തൊഴിലിടത്തിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് വ്യാഴാഴ്ച ബന്ധുക്കൾക്ക് ലഭിച്ച വിവരം. തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ നിന്നാണ് മരിച്ച വിവരം ബിനീഷിന്റെ ബന്ധുക്കളെ അറിയിക്കുന്നത്.
കർണാടകയിലേക്ക് ജോലിക്ക് പോവുന്ന വയനാട്ടിലെ ആദിവാസികൾക്കിടയിൽ മാസങ്ങൾക്കുള്ളിൽ നാല് ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാണാതാവുന്ന സംഭവങ്ങൾ വേറെയുമുണ്ട്. 2008ൽ നീതി വേദി എന്ന സംഘടന സംഘടിപ്പിച്ച പീപ്ൾസ് ട്രൈബ്യൂണലിൽ, അതുവരെ കർണാടകയിലെ തോട്ടങ്ങളിൽനിന്ന് ആദിവാസികളുടെ 122 ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെട്ടു.
ആദിവാസി ദുരൂഹ മരണങ്ങളിൽ അവയവ മാറ്റ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയം അടുത്തിടെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്(എ.പി.സി.ആർ)എന്ന സംഘടനയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം സംശയം പ്രകടിപ്പിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ സറഗൂൽ വിവേകാനന്ദ മെമ്മോറിയൽ ആശുപത്രിയിൽ മരണപ്പെട്ട പുൽപള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്റെ മരണത്തിൽ ബന്ധുക്കളും ദുരൂഹത ആരോപിച്ചിരുന്നു. കുടകിലെ തോട്ടത്തിലെ ഷെഡിൽ ബോധരഹിതനായി കിടന്ന ശേഖരനെ നാട്ടിൽനിന്ന് സഹോദരനെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൃതദേഹത്തിലെ വയറ്റിലും മറ്റും ആഴത്തിലുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽപെടുന്നത്. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് പലവട്ടം സന്ദർശിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന വലിയ മുറിവുകൾ മൃതദേഹത്തിൽ പിന്നീട് എങ്ങനെയുണ്ടായെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.
വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരൻ കുടകിലേക്ക് പോയി മാസങ്ങൾ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് വെള്ളത്തിൽ മരിച്ചു കിടക്കുന്ന ഫോട്ടോ ബന്ധുക്കൾക്ക് കാണിച്ച് കൊടുക്കുന്നത്.
സഹോദരൻ അവിടെ എത്തിയപ്പോഴേക്കും സംസ്കാരം നടത്തിയതിനാൽ ഇദ്ദേഹത്തിന് മൃതദേഹം കാണാൻ പോലും കഴിഞ്ഞില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. രണ്ടുമാസം മുമ്പ് നെന്മേനി കൊയ്ത്തുപാറ കാട്ടുനായ്ക്ക കോളനിയിലെ സന്തോഷ് കുടകിൽ മുങ്ങിമരിച്ചതായാണ് ബന്ധുക്കളെ അറിയിച്ചത്.
ദുരൂഹ മരണങ്ങളും തിരോധാനങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടായിട്ടും ജില്ല ഭരണകൂടവും പൊലീസും കടുത്ത അലംഭാവം കാട്ടുന്നതായാണ് ആരോപണം. കർണാടകയിലാണ് സംഭവമെന്നതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് ജില്ല ഭരണകൂടം കൈമലർത്തുകയാണെന്ന് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നു.
ഇതുസംബന്ധിച്ച് എ.പി.സി.ആർ എന്ന സംഘടന മനുഷ്യാവകാശ കമീഷന് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 26ന് കമീഷൻ സിറ്റിങ് നടത്തുന്നുണ്ട്. ദുരൂഹ മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും വയനാട്, കൂർഗ് ജില്ല പൊലീസ് മേധാവികൾക്കും സംഘടന നിവേദനം നൽകിയിരുന്നു.
കർണാടകയിലേക്ക് ജോലിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരങ്ങൾ അതിർത്തികളിലും പൊലീസിലും കൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് 2007 ആഗസ്റ്റിൽ അന്നത്തെ ജില്ല കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. ദുരൂഹ മരണങ്ങളും തൊഴിലിടങ്ങളിലെ പീഡനങ്ങളും വർധിച്ച സാഹചര്യത്തിലായിരുന്നു ഉത്തരവ്. തൊഴിലുടമ ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് നൽകണമെന്നും എസ്.സി എസ്.ടി പ്രമോട്ടർ ഉൾപ്പെടെയുള്ളവരെ വിവരം അറിയിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ ഏതാനും വർഷങ്ങൾ മാത്രമെ ഇതിന് ആയുസ്സുണ്ടായുള്ളൂ. കർണാടകയിലെ പ്രത്യേകിച്ച് കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ മദ്യവും മറ്റു ലഹരികളും നൽകി ആദിവാസികളെ കൊണ്ട് കൂലി പോലും നൽകാതെ എല്ലു മുറിയെ പണിയെടുപ്പിക്കുകയാണെന്നും സ്ത്രീകളെ പോലും കടുത്ത പീഡനത്തിന് ഇരയാക്കാറുണ്ടെന്നും ആരോപണമുയർന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ പോലും ഭരണകൂടം തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.