കെ.ബി. ശശികുമാർ, പിതാവ്​ കെ.കെ. ബാലകൃഷ്​ണൻ

രാധാകൃഷ്​ണാ, ഈ പച്ച നുണ താങ്കൾ തിരുത്തിക്കണം -മുൻ ദേവസ്വം മന്ത്രി ബാലകൃഷ്​ണന്‍റെ മകൻ കെ.ബി. ശശികുമാർ

തൃശൂർ: ആദ്യ ദലിത്​ ദേവസ്വം മന്ത്രി ആരെന്നതിനെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി 1977ൽ ദേവസ്വം മന്ത്രിയായിരുന്ന കോൺഗ്രസ്​, ദലിത്​ നേതാവ്​ കെ.കെ. ബാലകൃഷ്​ണന്‍റെ മകൻ കെ.ബി. ശശികുമാർ. കേരളത്തിൽ ആദ്യമായി ദലിത്​ ദേവസ്വം മന്ത്രി വരാൻ പോകുന്നു​െവന്ന നുണ പ്രചാരണം രാധാകൃഷ്​ണൻ ഇടപെട്ട്​ തിരുത്തിക്കണമായിരുന്നുവെന്ന്​ അദ്ദേഹം 'മാധ്യമം ഓൺലൈനി'ന്​ നൽകിയ ടെലഫോൺ അഭിമുഖത്തിൽ പറഞ്ഞു.

''രാധാകൃഷ്​ണൻ എന്‍റെ നല്ല സുഹൃത്താണ്​. ഞങ്ങൾ വ്യത്യസ്​ത രാഷ്​ട്രീയ പാർട്ടികളിലാണെങ്കിലും കാര്യങ്ങൾ തുറന്ന്​ സംസാരിക്കുന്നവരാണ്​. ഏറെ ഇഷ്​ടവുമാണ്​. അദ്ദേഹം ദേവസ്വം മന്ത്രിയാകുന്നതിൽ സന്തോഷമുണ്ട്​. പക്ഷേ, അദ്ദേഹത്തിന്‍റെ മന്ത്രിസ്​ഥാനത്തെ കുറിച്ച്​ സി.പി.എം ​േകന്ദ്രങ്ങൾ പടച്ചുവിടുന്ന ഈ പച്ച നുണ രാധാകൃഷ്​ണൻ തിരുത്തിക്കണമായിരുന്നു. എന്‍റെ പിതാവിന്‍റെ പേരിലുള്ള വിക്കിപീഡിയ പേജ്​ വരെ എഡിറ്റ്​​ ചെയ്​താണ്​ ഈ കള്ളം പ്രചരിപ്പിക്കുന്നത്​'' -കെ.പി.സി.സി സെക്രട്ടറി കൂടിയായ കെ.ബി. ശശികുമാർ പറഞ്ഞു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ രാധാകൃഷ്​ണനും ശശികുമാറുമാണ്​ ഏറ്റുമുട്ടിയിരുന്നത്​.

'ഒരുചരിത്ര സത്യത്തെ വളച്ചൊടിക്കുന്നത്​ ​േഖദകരമാണ്​. കള്ളം പറഞ്ഞ്​ സ്​ഥാപി​േക്കണ്ട കാര്യമാണോ ഇത്​? കേന്ദ്രത്തിൽ ബി.ജെ.പി ചെയ്യുന്നത്​ ഇതുതന്നെയല്ലേ? സി.പി.എമ്മും ഈ പരിപാടി ചെയ്യണോ? ഒരാളെ മഹത്വവത്​കരിക്കാൻ വേണ്ടി ഇത്തരം ചീപ്പ്​ പ്രവൃത്തി ചെയ്യരുത്. രാധാകൃഷ്​ണൻ പറഞ്ഞിട്ട്​ ചെയ്​ത പ്രചാരണമായിരിക്കില്ല ഇത്​. എങ്കിലും ഇത്ര​ മോശം കാര്യം ശ്രദ്ധയിൽപെട്ടാൽ അത്​ സ്​റ്റോപ്​ ചെയ്യാൻ രാധാകൃഷ്​ണൻ ഇടപെടണമായിരുന്നു' -അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർഥത്തിൽ ഇ​േപ്പാൾ കേരളം ചർച്ച ചെയ്യേണ്ടത്​ ദേവസ്വം വകുപ്പിനെ കുറിച്ചല്ലെന്നും പിണറായി മന്ത്രിസഭയിലെ 21 പേരിൽ ഒരേ ഒരു ദലിത് മന്ത്രി മാത്രമേ ഉള്ളു എന്ന കാര്യമാണ്​ ചർച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ. ബാലകൃഷ്​ണ​െന്‍റ വകുപ്പ്​ സംബന്ധിച്ച സർക്കാർ ഉത്തരവ്​

അച്ഛന്‍റെ മന്ത്രിസ്​ഥാനം സംബന്ധിച്ച്​ സർക്കാർ ഉത്തരവും ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ​അന്ന്​ ദേവസ്വം മന്ത്രിയോട്​ നിയമസഭയിൽ േചാദിച്ച ചോദ്യത്തിന്‍റെ പകർപ്പും ശശികുമാർ ഫേസ്​ബുക്കിൽ പങ്കുവെച്ചു. ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണരൂപം:

കെ.കെ. ബാലകൃഷ്ണൻ എന്ന ദേവസ്വം വകുപ്പ് മന്ത്രി

പണ്ട് കാലം മുതലേ ഒരു കള്ളം പറയാനും അത് ആവർത്തിച്ച് പറഞ്ഞ് സത്യമാണ് എന്നു വരുത്തി തീർക്കാനും കമ്യുണിസ്റ്റ് പാർട്ടി എടുക്കുന്ന ഗീബൽസ്യൻ തന്ത്രങ്ങൾ പ്രസക്തം ആണല്ലോ.

ക്ഷേത്രപ്രവേശനവും മാറുമറയ്ക്കലും തുടങ്ങി ദളിത് വിഷയങ്ങൾ ഒന്നിൽ പോലും ചെറുവിരൽ അനക്കാതെ ഗ്യാലറിയിൽ ഇരുന്ന് കയ്യടിച്ച കമ്യുണിസ്റ്റ് നേതാക്കൾ പിന്നീട് നാടകങ്ങളിലൂടെയും സാഹിത്യ രചനകളിലൂടെയും കവല പ്രസങ്ങളിലൂടെയും ഈ സമര നായകത്വം ഏറ്റെടുത്ത കാഴ്ച്ച നമ്മൾ നേരിൽ കണ്ടതാണ്.

ഇപ്പോൾ പുതിയൊരു "വിപ്ലവ തീരുമാനം" ചരിത്രത്തിൽ ആദ്യമെന്ന തരത്തിൽ അവതരിപ്പിക്കുകയാണ് സിപിഎം സൈബർ ക്യാപ്സ്യൂൾ ഫാക്ടറി. കേരളത്തിൽ ആദ്യമായി ഒരു ദളിത് ദേവസ്വം മന്ത്രി വരാൻ പോകുന്നത്രെ.

എന്നാൽ ഒരു തിരുത്തുണ്ട് അത് ചരിത്രത്തിൽ ആദ്യമല്ല.....

1977 മാർച്ച് 25 ന് അധികാരത്തിൽ വന്ന കെ.കരുണാകരൻ മന്ത്രിസഭയിലും അദ്ദേഹം രാജി വെച്ചതിനെ തുടർന്ന് ഒരുമാസത്തിനു ശേഷം അധികാരത്തിൽ വന്ന എ.കെ.ആന്റണി മന്ത്രി സഭയിലും ഹരിജനക്ഷേമ വകുപ്പ്, ജലസേചന വകുപ്പ്, ദേവസ്വം വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നത് ചേലക്കര എം.എൽ.എ ആയിരുന്ന എന്റെ പിതാവ് കെ.കെ ബാലകൃഷ്ണൻ ആയിരുന്നു. (ആ വിവരങ്ങൾ ഏതാനും നിമിഷങ്ങൾക്ക് മുൻപ് വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു : ചിത്രം നോക്കുക).

അന്നത്തെ ദേവസ്വം മന്ത്രിയോട് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം നൽകിയ ഉത്തരങ്ങളുടെ സഭാരേഖ ഇതോടൊപ്പം ചേർക്കുന്നു. അതുകൊണ്ടു തന്നെ ആദ്യമായല്ല ഒരു പട്ടികജാതിക്കാരൻ ദേവസ്വം മന്ത്രി ആകുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും.

അതിനു ശേഷം പി.കെ വാസുദേവൻ നായർ മന്ത്രിസഭയിൽ ദാമോദരൻ കാളാശ്ശേരിയും ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.( ആ വിവരങ്ങളും വിക്കിപീഡിയയിൽ നിന്നും നിമിഷങ്ങൾ ക്കു മുൻപ് നീക്കം ചെയ്തു.)



ഈ ഇരുപത്തി ഒന്ന് അംഗ മന്ത്രിസഭയിൽ ഒരേ ഒരു ദളിത് മന്ത്രി മാത്രമേ ഉള്ളു എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. സിപിഎം പോലെയുള്ള ഒരു പ്രസ്ഥാനം ചരിത്രത്തില്‍ ഇന്നേവരെ ഒരു ദളിതനെ പോളിറ്റ് ബ്യൂറോയില്‍ പോലും ഉള്‍പ്പെടുതിയിട്ടില്ല എന്നത് ചർച്ച ചെയ്യപ്പെടണം, ഇതുവരെ അധികാരത്തിൽ വന്ന ഒരു സംസ്ഥാനങ്ങളിലും ഒരു ദളിത് മുഖ്യമന്ത്രിയോ ഒരു ദളിത് പാർട്ടി സെക്രട്ടറിയോ അവർക്ക് ഉണ്ടായിരുന്നില്ല എന്നത് ചർച്ച ചെയ്യപ്പെടണം.

ഇത് അഭിമാനിക്കാനുള്ള നിമിഷമല്ല പുനർവിചിന്തനം നടത്തേണ്ട സമയമാണ്....

ചരിത്രം തിരുത്തേണ്ടത് വിക്കിപീഡിയ പേജുകൾ തിരുത്തിയല്ല, ചരിത്രപരമായ തീരുമാനങ്ങൾ എടുത്തുകൊണ്ട് ആകണം. അതിന് സിപിഎം ന് കഴിയും എന്ന് തോന്നുന്നില്ല അതുകൊണ്ട് തന്നെ ഇത്തരം പൊടികൈകൾ കൊണ്ട് ആശ്വസിക്കാം... പുതിയ മന്ത്രിസഭക്കും മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.കെ.രാധാകൃഷ്ണനും എല്ലാവിധ ആശംസകളും നേരുന്നു.....

Tags:    
News Summary - who is the first dalit devasowm minister in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.