തിരുവനന്തപുരം: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടുമൂന്നു ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാനിരിക്കെ മന്ത്രിമാരെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, എം.വി ഗോവിന്ദൻ എന്നിവർക്ക് പുറമെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി. രാജീവും കെ.എൻ ബാലഗോപാലും മന്ത്രിമാരാകുമെന്ന് തീർച്ചപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണനും സംസ്ഥാന സമിതി അംഗം എ.സി മൊയ്തീനും മന്ത്രിമാരാകുമെന്നാണ് സൂചന.
കഴിഞ്ഞ സർക്കാറിൽ രണ്ട് വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ശൈലജ ടീച്ചറു മേഴ്സിക്കുട്ടിയമ്മയും. ഇതിൽ മേഴ്സിക്കുട്ടിയമ്മ അപ്രതീക്ഷിതമായി പരാജയം ഏറ്റുവാങ്ങി. അതിനാൽ രണ്ടാം വനിതാമന്ത്രിയാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. വീണ ജോർജിന്‍റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
പാർട്ടിയിൽ സീനിയോറിറ്റി അവകാശപ്പെടുന്ന പ്രഫ. ആർ ബിന്ദുവിന്‍റെ പേരും രണ്ടാം മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും തൃശൂരിൽ നിന്നുതന്നെയുളള എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും മന്ത്രിമാരാകുകയാണെങ്കിൽ ബിന്ദു പരിഗണിക്കപ്പെടാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ വീണ ജോർജ് തന്നെ മന്ത്രിയാകുമെന്നാണ് ഇടതുമുന്നണി വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, കഴിഞ്ഞ മന്ത്രിസഭയിൽ തുറമുഖവകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ലെന്നാണ് സൂചന. ഒരു നിയമസഭാംഗത്വം മാത്രമുള്ള ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്നാണ് തീരുമാനം. കെ.ബി ഗണേഷ്കുമാർ, ആന്‍റണിരാജു, അഹമ്മദ് ദേവർകോവിൽ, കെ.പി മോഹനൻ എന്നിവരും ഒറ്റ അംഗങ്ങൾ മാത്രമുള്ള ഘടകകക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.