എ.കെ.ജി സെന്‍റർ ആക്രമണം: പിന്നിൽ വലിയ ആസൂത്രണം, പൊലീസ് വീഴ്ച പരിശോധിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന് പിന്നിൽ വലിയൊരു ആസൂത്രണം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടെന്നൊരു ദിവസം കൊണ്ടുണ്ടായതല്ല അക്രമം. സി.സി.ടി.വി ദൃശ്യങ്ങളിൽ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ്. പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. സി.സി.ടി.വി പരിശോധനകളിൽ വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. കൃത്യമായിതന്നെ പ്രതിയിലേക്കെത്തും. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇപ്പോൾ പ്രതിയെ സംരക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എ.കെ.ജി സെന്‍ററിന്‍റെ ഒരു ചില്ലെങ്കിലും എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെയാണ് പൊലീസ് ചോദ്യം ചെയ്തത്. അത് സ്വാഭാവിക നടപടി മാത്രമാണെന്നും പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

ആക്രമണത്തെ അപലപിക്കാൻ പ്രതിപക്ഷം തയാറാകാത്തതാണ് ആശ്ചര്യപ്പെടുത്തുന്നത്. തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി. ജയരാജനാണ് അക്രമം ആസൂത്രണം ചെയ്തതെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉറക്കം എഴുന്നേറ്റയുടനെ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നു. തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സി.പി.എം ന്യായീകരിക്കില്ല. ഇതെന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു.

എന്നാല്‍, ആക്രമണത്തെ അപലപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എഴുന്നേറ്റു. സംഭവം നടന്നതിന്‍റെ അടുത്തദിവസം രാവിലെ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍, അതിശക്തമായി അപലപിക്കുന്നു എന്നാണ് താന്‍ പറഞ്ഞത്. താന്‍ പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയര്‍മാനുമാണ്. താന്‍ പറഞ്ഞാല്‍, യു.ഡി.എഫ് അപലപിക്കുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

ജയരാജനെ ആസൂത്രകനാക്കാനുള്ള സുധാകരന്‍റെ ശ്രമമാണ് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അക്രമം നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ അത് നടത്തിയത് കോൺഗ്രസാണെന്ന് ജയരാജൻ ആരോപിച്ചിരുന്നെന്നും ഇതിന് മറുപടിയാണ് സുധാകരൻ നൽകിയതെന്നും ചെന്നിത്തല വ്യക്തമാക്കി. സുധാകരൻ ആരാണെന്ന്​ തന്നെ പഠിപ്പിക്കാൻ നിൽക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജയരാജൻ താമസിക്കുന്നത് എ.കെ.ജി സെന്‍ററിന്‍റെ എതിർവശത്തെ ഫ്ലാറ്റിലാണ്. സംഭവം അറിഞ്ഞാണ് ജയരാജൻ ഞൊടിയിടയിൽ എത്തിയത്. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ഓഫിസിന്​ നേർക്ക് അക്രമം നടത്തുന്ന സമീപനം സി.പി.എമ്മിനില്ലെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ പി.സി. വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തര പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി. തങ്ങളുന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - Why did the opposition not react when AKG center was attacked- Chief Minister asked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.