കോഴിക്കോട്: ജില്ലയിലെ ഈന്ത് മരങ്ങൾ അപൂര്‍വ്വരോഗത്തിന് കീഴടങ്ങി ഇലകളെല്ലാം വാടി ഉണങ്ങിക്കരിയുകയാണ്. നാദാപുരം, കുറ്റ്യാടി ഭാഗത്തുകൂടി യാത്ര ചെയ്യുന്നവർക്ക് ആ ഭാഗങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഈന്ത് മരങ്ങളില്‍ ബഹുഭൂരിഭാഗവും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയായിരിക്കും. അപൂര്‍വ്വരോഗത്തിന് കീഴടങ്ങി ഇലകളെല്ലാം വാടി ഉണങ്ങിക്കരിഞ്ഞ് നില്‍ക്കുന്ന ഈന്ത് (Cycas Circinalis) മരങ്ങള്‍ നമുക്ക് ചില സൂചനകള്‍ നല്‍കുന്നുണ്ടെന്ന് ട്രാൻസിഷന്‍ സ്റ്റഡീസിലെ സ്മിത പി. കുമാര്‍ പറയുന്നു. അത് പ്രധാനമായും കേരളത്തിന്റെ ജൈവ സമ്പത്ത് നേരിടുന്ന ഭീഷണികളെ സംബന്ധിച്ചാണ്.
പ്രത്യക്ഷത്തില്‍ ഈന്ത് എന്ന മരം മനുഷ്യന് നല്‍കുന്ന സേവനങ്ങളേക്കാള്‍ കൂടുതലാണ് ചുറ്റുമുള്ള പരിസ്ഥിതിയില്‍ അവ നല്‍കുന്ന സേവനങ്ങള്‍. വനമേഖലയിലടക്കം മണ്ണിന്റെ പോഷക ഘടനയെ സമ്പുഷ്ടമാക്കി നിര്‍ത്തുന്നതില്‍ ഈന്തിനുള്ള പ്രാധാന്യം ഏറ്റവും കുറഞ്ഞത് സസ്യശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്കെങ്കിലും അറിയാം.
ഈന്ത് ഒരു വാണിജ്യ വിള അല്ലാത്തതിനാല്‍ വലിയ കോലാഹലമോ ഈന്ത് സംരക്ഷണ ജാഥകളോ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. കേരളത്തിന്റെ ജൈവവൈവിധ്യ ബോര്‍ഡോ, ബന്ധപ്പെട്ട വകുപ്പുകളോ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നും അറിയില്ല. ഈന്ത് മരങ്ങളുടെ നാശത്തെക്കുറിച്ച് ഏതെങ്കിലും നിയമസഭാംങ്ങൾ സമാജികന്‍ നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും പോകുന്നില്ല.
കാര്യം ലളിതമാണ്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നാശം എന്നിവ നമ്മുടെ ഗൗരവമായ ചിന്തകളിലേക്ക് ഇനിയും കടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. സംസ്ഥാനത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രപരമായ വൈവിധ്യം-പശ്ചിമഘട്ടവും, തീരപ്രദേശങ്ങളും, ഇടനാടന്‍ ജലാശയങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗങ്ങള്‍- കാലാവസ്ഥയിലും ഒപ്പം ജൈവസഞ്ചയത്തിലും അതിനനുസരിച്ചുള്ള വൈവിധ്യം പ്രകടമാകുന്നതിനു കാരണമാകുന്നു.
കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളില്‍ ആവശ്യമായ മുന്‍കൂര്‍ തയാറെടുപ്പുകളുടെയും, അപകടങ്ങള്‍ ലഘൂകരിക്കാന്‍ തക്ക ശേഷിയുടെയും അഭാവം കാരണം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ സംസ്ഥാനത്ത് ഉയരുകയാണ്. വയനാട്, കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളാണ് കാലാവസ്ഥാ വള്‍നറബിലിറ്റി കൂടിയ സ്ഥലങ്ങളായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങള്‍ പ്രത്യേകമായും, കേരളം ഒന്നാകെയും ജൈവസമ്പന്നമായ ഭൂവിഭാഗമാണ് എന്നതുകൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാന ഫലമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഇവിടുത്തെ ജൈവ വ്യവസ്ഥകള്‍ക്ക് ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍ അത്രമേല്‍ കനത്തതാണ് എന്ന് കാണാം.
അമിതമായ വിഭവ ചൂഷണം, അശാസ്ത്രീയ വിഭവ വിനിയോഗം, നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അനുഗുണമല്ലാത്ത മാറ്റങ്ങള്‍ കേരളത്തിലെ ജൈവവ്യവസ്ഥകളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആഗോള കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുകയും പരിസ്ഥിതി ദുരന്തങ്ങളിലേക്കുള്ള ദൂരങ്ങള്‍ കുറക്കുകയും ചെയ്യുന്നു. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ സമുദ്രോപരിതല ഊഷ്മാവില്‍ പ്രകടമാകുന്ന വർധനവ് മഴയുടെ പാറ്റേണുകളില്‍ മുന്‍പില്ലാത്ത വിധമുള്ള മാറ്റങ്ങള്‍ക്കു ഹേതുവാകുന്നുണ്ട്.
മണ്‍സൂണ്‍ ഗതിയിലെ ഈ മാറ്റങ്ങള്‍ക്കൊപ്പം വ്യാപകമായ വനനശീകരണവും കുന്നുകള്‍ ഇടിച്ചുനിരത്തലും കൂടി ചേരുമ്പോള്‍ കനത്ത വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും കാരണമാവുന്ന സാഹചര്യങ്ങള്‍ സംജാതമാവുന്നു. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ മണ്‍സൂണ്‍ കാലയളവില്‍ നടന്ന പ്രകൃതി ദുരന്തങ്ങള്‍ വിശകലനം ചെയ്താല്‍ മേല്പറഞ്ഞ സാഹചര്യങ്ങളുടെ ചിത്രം കൂടുതല്‍ വ്യക്തമാവും.
പ്രളയം, ഉരുള്‍പൊട്ടല്‍, ഉഷ്ണ തരംഗം തുടങ്ങി കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളിലെല്ലാം കണക്കെടുപ്പുകളില്‍ അവഗണിക്കപ്പെടുകയോ, മതിയായ പ്രാധാന്യം നല്കപ്പടാതിരിക്കുകയോ ചെയ്യുന്ന മേഖലയാണ് ദുരന്ത പ്രദേശങ്ങളിലെ ജൈവവൈവിധ്യ നഷ്ടങ്ങള്‍. ദുരന്തനാന്തര ആഘാത പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടിയും, ജൈവവൈവിധ്യ നഷ്ടം ഉണ്ടാക്കിയ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കണ്ടെത്തി ആവശ്യമെങ്കില്‍ ആവാസവ്യവസ്ഥാ പുനഃസ്ഥാപന ശ്രമങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുലോം കുറവാണെന്നും സ്മിത പി. കുമാര്‍ പറയുന്നു. കാലാവസ്ഥാ ദുരന്തങ്ങളും കേരളത്തിലെ ജൈവവൈവിധ്യ നഷ്ടങ്ങളും ആണ് സ്മിത പി. കുമാർ അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.