മരുന്ന് വാങ്ങേണ്ടവർക്ക് ടെന്നിസ് ക്ലബിൽ അംഗത്വമെന്തിന് ?

തിരുവനന്തപുരം: സർക്കാർ പണം ഉപയോഗിച്ച് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ടെന്നിസ് ക്ലബിൽ അംഗത്വമെടുത്തത് വിവാദമാകുന്നു. ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് 2017 ഏപ്രിലിലാണ് 11.50 ലക്ഷം രൂപ ചെലവിട്ട് ടെന്നിസ് ക്ലബിൽ കെ.എം.എസ്.സി.എൽ അംഗത്വമെടുത്തത്.

സർക്കാർ ആശുപത്രികളിലേക്ക് മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ ചുമതലപ്പെട്ട സ്ഥാപനം ഇത്തരമൊരു ക്ലബിൽ അംഗത്വമെടുക്കാനുണ്ടായ സാഹചര്യമെന്തെന്ന കാര്യത്തിൽ ആരോഗ്യവകുപ്പിനും വ്യക്തതയില്ല. നിയമസഭയിൽ നൽകിയ ചോദ്യത്തിനു മറുപടിയിലാണ് അംഗത്വ വിവരം പുറത്തുവന്നത്.

സെപ്റ്റംബർ ഒന്നിനാണ് പ്രതിപക്ഷ എം.എൽ.എയുടെ ചോദ്യം ലഭിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് മറുപടി നിയമസഭ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. നിയമസഭയിൽ വന്ന ചോദ്യത്തിന്‍റ അടിസ്ഥാനത്തിൽ കെ.എം.എസ്.സി.എല്ലിന്‍റെ മറുപടിയാണ് നിയമസഭയിൽ നൽകിയതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

ടെന്നിസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ട ഫയലിൽ കൂടുതൽ വിശദാംശങ്ങളില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

കോർപറേഷന് ഇത്തരത്തിൽ പണം ചെലവാക്കാൻ വ്യവസ്ഥയില്ല. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും മറ്റും ടെന്നിസ് ക്ലബിൽ അംഗത്വമെടുക്കാറുണ്ടെങ്കിലും സർക്കാർ സ്ഥാപനങ്ങളോ ബന്ധപ്പെട്ട ഏജൻസികളോ അംഗത്വമെടുക്കുന്ന പതിവില്ല. 

Tags:    
News Summary - Why membership tennis club for those who need to buy medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.