തിരുവനന്തപുരം: അടുത്ത അഞ്ച് വർഷവും വൈദ്യുതി നിരക്ക് കുത്തനെ വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നൽകിയ ശിപാർശക്കെതിരെ വ്യാപക എതിർപ്പ്. സംസ്ഥാന റെഗുലേറ്ററി കമീഷൻ തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിൽ വിവിധ സംഘടനകളും വ്യക്തികളും നിരക്ക് വർധന പാടില്ലെന്നും ബോർഡിന്റെ ശിപാർശ തള്ളണമെന്നും ആവശ്യപ്പെട്ടു. റസിഡന്റ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയ എൻജിനീയേഴ്സ് ഹാളിന് മുന്നിൽ പ്രതിഷേധിച്ചു.
2023-24 മുതൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള വൈദ്യുതി നിരക്കിൽ വർധന വരുത്തുന്ന നിർദേശങ്ങളാണ് ബോർഡ് കമീഷന് സമർപ്പിച്ചത്. വൈദ്യുതി നിരക്കിന് പുറമെ എല്ലാ വർഷവും ഫിക്സഡ് ചാർജും വർധിപ്പിക്കുന്നതാണ് നിർദേശം. അതേസമയം നേരത്തേ നൽകിയ നിർദേശത്തിൽ മാസം 201 യൂനിറ്റിന് മുകളിൽ വീട്ട് വൈദ്യുതി ഉപയോഗിച്ചാൽ എല്ലാ യൂനിറ്റിനും ഒരേ നിരക്ക് ശിപാർശ ചെയ്തിരുന്നു.
നിലവിൽ ഇത് 250 യൂനിറ്റിന് മുകളിലുള്ളവർക്കാണ്. 200 യൂനിറ്റിന് മുകളിൽ വരുമായിരുന്ന വർധന ബോർഡ് മയപ്പെടുത്തി. 200-250 യൂനിറ്റിനിടക്ക് ഉപയോഗിക്കുന്നവർക്ക് ശിപാർശ ചെയ്ത നിരക്കിൽ ഒരു രൂപയുടെ കുറവ് വരുത്തി പുതുക്കിയ കത്ത് നൽകുകയും ചെയ്തിരുന്നു.
നിരക്ക് വർധനക്കായി കമീഷന്റെ അവസാന തെളിവെടുപ്പാണ് തിരുവനന്തപുരത്ത് നടന്നത്. വർധന നിർദേശങ്ങൾ ബോർഡ് പ്രതിനിധികൾ വിശദീകരിച്ചു. കമീഷൻ വ്യക്തത ആവശ്യപ്പെട്ട വിഷയങ്ങളിൽ വരും ദിവസങ്ങളിൽ ബോർഡ് വിശദീകരണം നൽകും. റസിഡന്റ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടന, ചെറുകിട വ്യവസായ അസോസിയേഷൻ അടക്കമുള്ളവർ നിരക്ക് വർധന നിർദേശത്തെ ശക്തമായി എതിർത്തു. വ്യവസായ മേഖലയെ തകർക്കുന്ന നിർദേശമാണ് നൽകിയിരിക്കുന്നതെന്ന് ചെറുകിട വ്യവസായികൾ ചൂണ്ടിക്കാട്ടി.
ടെലിവിഷൻ ചാനലുകളുടെ ഫെഡറേഷനും എതിർപ്പുയർത്തി. ഗ്രീൻ എനർജിയുമായി ബന്ധപ്പെട്ട് യൂനിറ്റിന് 2.54 രൂപ ഈടാക്കണമെന്ന നിർദേശത്തിലും എതിർപ്പ് വന്നു.വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അമിതഭാരം ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അടിച്ചേൽപിക്കാന് പാടില്ലെന്ന് ഡൊമസ്റ്റിക് ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഗാര്‍ഹിക ഉപഭോക്താക്കളുടെ എണ്ണത്തെയും തരത്തെയും സംബന്ധിച്ച ബോർഡ് കണക്കുകളില്‍ പിഴവുണ്ടെന്ന് പ്രസിഡന്റ് ഷാജഹാന് എന്‍.കെ, സെക്രട്ടറി ടി. വേണുഗോപാല്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.