തൊടുപുഴ: സംസ്ഥാനത്ത് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യജീവന് ഭീഷണിയാവുകയും ചെയ്യുന്നത് വർധിക്കുന്നു. രണ്ട് വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 152 ജീവനുകളാണ് പൊലിഞ്ഞത്. 548 പേർക്ക് പരിക്കേൽക്കുകയും 108 പേർക്ക് ശാരീരിക അവശതകൾ സംഭവിക്കുകയും ചെയ്തു. എട്ടുകോടിയുടെ കൃഷിനാശമാണ് ഇതുമൂലമുണ്ടായത്. ഒരുമാസം മുമ്പാണ് മൂന്നാറിൽ ഭാര്യ നോക്കിനിൽക്കെ വിനോദസഞ്ചാരിയെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ തീവ്ര പരിചരണത്തിലാണ്.
ജീവഹാനി സംഭവിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അധികൃതർ വീഴ്ചവരുത്തുന്നതും പ്രതിഷേധത്തിനിടയാക്കുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സംഭവിക്കുന്ന ജീവനാശത്തിനും നാശനഷ്ടങ്ങൾക്കും 1980ലെ കേരള റൂൾസ് ഫോർ േപമെൻറ് ഒാഫ് കോമ്പൻസേഷൻ ടു വിക്ടിം ഒാഫ് വൈൽഡ് ലൈഫ് പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. മരണം സംഭവിച്ചവർക്ക് അഞ്ചുലക്ഷം രൂപയും പരിക്കേറ്റവർക്ക് പരമാവധി 75,000 വുമാണ് തുക. വിവിധ ജില്ലകളിൽ 1659 പേർക്ക് നഷ്ടപരിഹാരം നൽകാതെയുണ്ട്.
വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിലെ വർധന, വന്യമൃഗങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള കൃഷിരീതി, വന നശീകരണം തുടങ്ങിയവയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാനുള്ള പ്രധാന കാരണം. വേനൽ രൂക്ഷമായപ്പോൾ വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് ഇവ കൂട്ടത്തോടെ നാട്ടിലിറങ്ങിയത്. ചൂട് കനത്ത ആറുമാസത്തിനിടെ 41 ആനകളാണ് സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് റേഞ്ചുകളിലായി െചരിഞ്ഞത്. ആനകളെ കൂടാതെ കരടി, കാട്ടുപന്നി, കുരങ്ങ് തുടങ്ങി ചെറുതും വലുതുമായ ജീവികളും നാശംവിതക്കുന്നു. വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് പഞ്ചായത്ത്,- മുനിസിപ്പൽതലത്തിൽ ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേർന്ന് ജനജാഗ്രത സമിതികൾ രൂപവത്കരിച്ച് പ്രവർത്തിക്കാനാണ് വനം വകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.