ചെമ്മണാമ്പതി: തെന്മലയിൽ നായാട്ട് വ്യാപകം. ചെമ്മണാംപതി, വെള്ളാരം കടവ്, ചാത്തൻപാറ, അടിവാരം, വളവടി എന്നീ പ്രദേശങ്ങളിലാണ് നായാട്ട് സംഘങ്ങൾ വ്യാപകമായത്. വൈദ്യുത ലൈനിൽനിന്ന് വൈദ്യുതി മോഷ്ടിച്ച് സ്ഥാപിച്ച കെണികൾ ഉപയോഗിച്ചും വനത്തിന് അകത്തുകടന്ന് കെണികൾ സ്ഥാപിച്ചും പടക്കംപൊട്ടിച്ചുമാണ് നായാട്ട് സംഘങ്ങൾ വന്യമൃഗങ്ങളെ വേട്ടയാടുന്നത്. കാട്ടുപന്നി, മാൻ, മ്ലാവ്, മുയൽ എന്നിവയെയാണ് വ്യാപകമായി വേട്ടയാടുന്നത്.
ചാലക്കുടി, തൃശൂർ, പെരുമ്പാവൂർ എന്നീ പ്രദേശങ്ങളിലെ നായാട്ടിൽ പ്രാവീണ്യം നേടിയവരാണ് പ്രാദേശിക സംഘങ്ങളെ കൂട്ടുപിടിച്ച് വ്യാപകമായി നായാട്ട് നടത്തുന്നത്. കഴിഞ്ഞദിവസം അടിവാരമേഖലയിൽ കാട്ടുപന്നികളെ നായാട്ട് സംഘങ്ങൾ പിടികൂടി വാഹനത്തിൽ കൊണ്ടുപോയതായി നാട്ടുകാർ പറയുന്നു.
സന്ധ്യാസമയങ്ങളിലും പുലർച്ചയിലുമാണ് നായാട്ടു സംഘങ്ങൾ വേട്ടക്കായി വന്യമൃഗങ്ങളെ തേടിയെത്തുന്നത്. ഉടുമ്പ്, പാമ്പ് എന്നീ ഉരഗ വർഗങ്ങളെയും സംഘം വേട്ടയാടുന്നുണ്ട്.
കഴിഞ്ഞയാഴ്ച ആനമലയിൽ ആനക്കൊമ്പുകൾ സൂക്ഷിച്ച സംഘത്തെ തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു. ഇവർക്ക് കേരളത്തിലെ നായാട്ടുസംഘവുമായി ബന്ധമുള്ളതിനാൽ അന്വേഷണങ്ങൾ അതിർത്തിയിലേക്കും പറമ്പിക്കുളത്തേക്കും തമിഴ്നാട് വനം വകുപ്പ് വ്യാപിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കുമാണ് വേട്ടയാടപ്പെടുന്ന മൃഗങ്ങളുടെ ഇറച്ചിയും തോലും കടത്തിക്കൊണ്ടുപോകുന്നത്. നായാട്ട് തടയാൻ വനംവകുപ്പിൽ പ്രത്യേകം സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നായാട്ടു സംഘത്തെ പിടികൂടാൻ ഇവർക്കാകുന്നില്ല.
മുതലമട ഇടുക്കുപാറയിലും കൊല്ലങ്കോട് മാത്തൂരിലും നായാട്ട് സംഘങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും ഉദ്യോഗസ്ഥർ എത്താറില്ല. നായാട്ടുകൾക്കെതിരെ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ മലയോരമേഖലയിൽ വന്യജീവികൾ ഇല്ലാതാകുമെന്ന് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
ചെമ്മണാമ്പതി മുതൽ പോത്തുണ്ടി വരെയുള്ള 38 കിലോമീറ്റർ മലയോരപ്രദേശത്തെ വനസംരക്ഷണ സമിതികൾ നാട്ടുകാരെയും ഉൾപ്പെടുത്തി ജാഗ്രത കമ്മിറ്റികൾ രൂപവത്കരിച്ചു നായാട്ടിനെതിരെ ജനകീയ പ്രതിരോധങ്ങൾ തീർക്കാൻ വനം വകുപ്പ് തയാറാവണമെന്ന് ആവശ്യമുയരുന്നുണ്ട്. പ്രധാന റോഡുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് വനംവകുപ്പ് ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കണമെന്നും പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.