ഒറ്റയാന്‍റെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായ രക്ഷപ്പെടുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആതിരപ്പിള്ളിയിലെ ആനമല റോഡിൽ പാഞ്ഞടുത്ത ഒറ്റയാന്‍റെ മുമ്പിലാണ് അന്നമനട സ്വദേശി ഡാറ്റ്‌സന്‍ ഭയം കൂടാതെ നിലയുറപ്പിച്ചത്.
നിർമാണം നടക്കുന്ന വാല്‍പ്പാറ ഗേറ്റ് റസ്റ്ററന്‍റിലെ ടൈല്‍ ജോലികള്‍ പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഡാറ്റ്സൻ. ഷോളയാറിന് സമീപത്തെ വനപാതയിലൂടെ വരുമ്പോഴാണ് വളവിൽവെച്ച് ഡാറ്റ്സൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. പത്തടി മുമ്പിൽ ആന എത്തിയതോടെ ഡാറ്റ്സൻ ബൈക്ക് ഓഫ് ചെയ്തു.
മുന്നോട്ടാഞ്ഞ ആന കൊമ്പ് കൊണ്ട് ബൈക്കിന്‍റെ മുൻ ചക്രത്തിൽ തട്ടുകയും തുമ്പിക്കൈ കൊണ്ട് ഡാറ്റ്സന്‍റെ തോളിൽ തൊടുകയും ചെയ്തു. ഇതോടെ ആക്രമിക്കരുതെന്ന ഭാവത്തിൽ കൈപ്പത്തി ഉയർത്തി കാണിച്ചതോടെ ആന മടങ്ങി പോവുകയായിരുന്നുവെന്ന് ഡാറ്റ്സൻ മാധ്യമങ്ങളോട് പറഞ്ഞു.
ഡാറ്റ്സന്‍റെ ബൈക്കിന് പിറകെ സഞ്ചരിച്ച മറ്റൊരു സംഘമാണ് വൈറലായ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയത്. തിങ്കളാഴ്ചയാണ് വൈറൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.