കോതമംഗലം: ഇടുക്കി നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ കോതമംഗലത്ത് പ്രതിഷേധം. കൊല്ലപ്പെട്ട മുണ്ടോൻ ഇന്ദിര രാമകൃഷ്ണ (65)ന്‍റെ മൃതദേഹവുമായി ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, എറണാകുളം ഡി.സി.സി അധ്യക്ഷൻ എം. ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ഇൻക്വസ്റ്റിന് വെച്ച മൃതദേഹവുമായി പ്രതിഷേധം പാടില്ലെന്ന് പൊലീസ് പറഞ്ഞു. ഇത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കത്തിന് വഴിവെച്ചു. മൃതദേഹം കൊണ്ടു പോകുന്നത് തടഞ്ഞ ഡിവൈ.എസ്.പിയെ എറണാകുളം ഡി.സി.സി അധ്യക്ഷൻ എം. ഷിയാസ് പിടിച്ചുതള്ളി.
വന്യമൃഗശല്യത്തിന് പരിഹാരം കണ്ടിട്ട് മതി ഇന്ദിരയുടെ പോസ്റ്റ്മോർട്ടമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. മന്ത്രിമാർ നേരിട്ടെത്തിയ ശേഷമെ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് ഡീൻ കുര്യക്കോസ് അറിയിച്ചു.
രാവിലെ 9.30ഓടെയാണ് അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ആടിനെ കെട്ടുന്നതിനിടെയാണ് ആക്രമണം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീണുപോയ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇന്ദിരയെ ആശുപത്രിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
ഇടുക്കി മൂന്നാറിൽ ഫെബ്രുവരി 26ന് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാർ (38) ആണ് മരിച്ചത്. മണിയുടെ വീടിന് സമീപത്തുവെച്ചാണ് ആന ആക്രമിച്ചത്. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും വീണ സുരേഷ് കുമാറിനെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.