മാനന്തവാടി: ടൗണിൽ മണിക്കൂറുകളോളം ഭീതിപരത്തിയ കാട്ടുകൊമ്പൻ ‘തണ്ണീർകൊമ്പനെ’ മയക്കുവെടി വെച്ചു. വൈകിട്ട് 5.35നാണ് ആനയെ മയക്കുവെടി വെച്ചത്. ഇതോടെ ഏറെ നീണ്ട ദൗത്യസംഘത്തിന്‍റെ ശ്രമം വിജയമായി. പ്രദേശത്തെ വാഴത്തോടത്തിലാണ് ഇപ്പോൾ ആന നിലയുറപ്പിച്ചിരിക്കുന്നത്. അനങ്ങാൻ കഴിയാതെ ആന ഇപ്പോൾ മയങ്ങിത്തുടങ്ങിയിട്ടുണ്ട്.
പിൻഭാഗത്ത് ഇടതുവശത്തായാണ് മയക്കുവെടിയേറ്റിരിക്കുന്നത്. കുങ്കി ആനകളെ തണ്ണീർകൊമ്പന്‍റെ സമീപം എത്തിച്ച് പ്രത്യേക വാഹനത്തിൽ കയറ്റി കർണാടകയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
നഗരത്തോട് ചേർന്ന എടവക പഞ്ചായത്തിലെ പായോട് ജനവാസകേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ അഞ്ചോടെ കാട്ടാനയെ കണ്ടത്. രാവിലെ പാലുമായി പോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കണ്ടത്. കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്.
തുടർന്ന് മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കാൻ കലക്ടർ നിർദേശിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനപാലകരോട് സഹകരിക്കണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടു. കുട്ടികളെ സ്കൂളിൽ വിടരുതെന്നും സ്കൂളിലെത്തിയ കുട്ടികൾ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ടായിരുന്നു.
ഒടുവിൽ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനിക്കുകയും ഉത്തരവിറക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.