ജനവാസമേഖലയിലെ വന്യജീവി ആക്രമണം: ഉന്നതതലയോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

എറണാകുളം: ജനവാസമേഖലകളിൽ വന്യജീവികൾ കടന്നുകയറി നടത്തുന്ന അതിക്രമങ്ങൾ തടയുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികൾക്ക് രൂപം നൽകാൻ റവന്യൂ, വനം, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വനം വകുപ്പു മേധാവിയും എറണാകുളം കലക്ടറും സംയുക്തമായി വിളിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

എം.പി, എം.എൽ.എ മാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കണം. യോഗ തീരുമാനം വനം വകുപ്പ് മേധാവിയും എറണാകുളം കലക്ടറും കമീഷനിൽ പ്രത്യേകം സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കണ്ണാചേരി കോടിയാട്ട് എൽദോസ് വർഗീസ് (45)കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

കുട്ടമ്പുഴ കാട്ടാന ആക്രമണത്തെയും സമീപകാലത്ത് നടന്ന സമാന സംഭവങ്ങളെയും കുറിച്ച് എറണാകുളം കലക്ടർ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങളുണ്ടാകാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും വിശദമാക്കി ഒരു റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

എൽദോസിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. വനം വകുപ്പ് സംസ്ഥാന മേധാവിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. വന്യമൃഗങ്ങൾ കടന്നുപോകുന്ന മേഖലകളിൽ സോളാർ ഫെൻസിംഗും ട്രഞ്ച് നിർമാണവും ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്ന് കമീഷൻ നിർദേശിച്ചു. അപകടകരമായ സ്ഥലങ്ങളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Wildlife attacks on residential areas: Human Rights Commission calls for high-level meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.