വന്യമൃഗശല്യം; അന്തർ സംസ്ഥാന സഹകരണ ചാർട്ടറിൽ കേരളവും കർണാടകവും ഒപ്പിട്ടു

ബന്ദിപ്പൂര്‍: വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു.

കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഉടമ്പടി.

സംഘർഷ മേഖലകളിൽ സംയുക്ത ദൗത്യങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി. മൂന്ന് സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക. ആവശ്യങ്ങൾ നേടിയെടുക്കാൻ മൂന്ന് സംസ്ഥാനങ്ങളും ഒരു മിച്ച് കേന്ദ്രത്തെ സമീപിക്കും. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കും.

വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും ചർച്ച നടത്തിയത്. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്ത് നിന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Wildlife nuisance; Kerala and Karnataka signed Inter-State Cooperation Charter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.