തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്തിവെച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി. ഇപ്പോള്‍ നടക്കുന്ന സമരം പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്നതല്ലെന്നും മുൻകൂട്ടി തയാറാക്കിയതാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി എം. വിൻസെന്റ് കൊണ്ടുവന്ന നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തീരശോഷണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. അതിനിടെ, തുറമുഖ നിർമാണത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.
തുറമുഖ പദ്ധതി തീരദേശത്തിന് ദോഷമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമിതിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹരിത ട്രൈബ്യൂണല്‍ രൂപവത്കരിച്ച രണ്ട് വിദഗ്ധ സമിതികള്‍ ആറുമാസം കൂടുമ്പോൾ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. കേരള തീരത്തുണ്ടായ ചുഴലിക്കാറ്റുകളും ന്യൂനമർദവുമാണ് തീരശോഷണത്തിന് പ്രധാന കാരണം.
തുറമുഖ നിർമാണം ആരംഭിച്ചശേഷം അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തീരശോഷണമുണ്ടായിട്ടില്ല. വലിയതുറ, ശംഖുംമുഖം എന്നിവിടങ്ങളിലെ തീരശോഷണം പദ്ധതി മൂലമാണെന്ന് പറയാനാവില്ല. പദ്ധതി നടപ്പാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ലെന്ന് നൽകിയ വാഗ്ദാനത്തിൽ സർക്കാർ ഉറച്ചുനില്‍ക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി. അബ്ദുറഹിമാന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും മറുപടി നല്കി. തീരശോഷണമില്ലെന്ന വാദം വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തള്ളി. പദ്ധതി മൂന്നിലൊന്നായപ്പോള് തന്നെ 600 മീറ്റര്‍ ശോഷണമുണ്ടായി. നാലുവര്‍ഷമായി നിരവധി കുടുംബങ്ങളാണ് കാറ്റുപോലും കടക്കാത്ത ഗോഡൗണില്‍ കഴിയുന്നത്. 472 കോടിയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതാണ് ഇതിന് കാരണം. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ സബ്സിഡി വർധിപ്പിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.