തിരുവനന്തപുരം: വയനാട് കേണിച്ചിറയിൽ ഭീതിപരത്തിയ കടുവയെ വെടിവെക്കാൻ തീരുമാനം. അതിന് തൊട്ടടുത്ത മേഖലകളിലെ റേഞ്ച് ഓഫിസർമാർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകി. കടുവയെ മയക്കുവെടി വെക്കാൻ കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.
വെറ്ററിനറി ഡോക്ടർ ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ച് ഉടൻ നടപടി സ്വീകരിക്കും. സൗത്ത് വയനാട് ഡി.എഫ്.ഒ ആയി തിങ്കളാഴ്ച മുഴുവൻ സമയ ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനിച്ചു. കഴിവതും കൂടുവെച്ച് പിടിക്കാനാണ് ശ്രമം. നിലവിൽ രണ്ട് കൂട് സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ കൂടുകൾ സ്ഥാപിക്കും.
ഞായറാഴ്ച പുലർച്ചയാണ് കേണിച്ചിറ എടക്കാട് മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം നടന്നത്. തൊഴുത്തിൽ കിടന്ന മൂന്ന് പശുക്കളെ കടുവ കൊന്നുതിന്നു. രണ്ടു ദിവസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പശുക്കളാണ്.
തോൽപെട്ടി 17 എന്നറിയപ്പെടുന്ന പത്ത് വയസ്സുള്ള ആൺകടുവയാണ് ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്. പരിസരത്ത് സ്ഥാപിച്ച കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് കടുവയെ തിരിച്ചറിഞ്ഞത്.
അതേസമയം, കടുവയെ പിടികൂടനാവാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ബീനാച്ചി -പനമരം റോഡ് ഉപരോധിച്ചു. കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.