തൃശൂർ: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 2019നെ അപേക്ഷിച്ച് 1.75 ശതമാനവും 2014നെ അപേക്ഷിച്ച് ഏഴ് ശതമാനവും വോട്ട് കുറഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിന്റെ കാരണം കൃത്യമായി പഠിച്ച് താഴേതട്ടിൽ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ റീജനൽ തിയറ്ററിൽ നടന്ന ഇ.എം.എസ് സ്മൃതിയുടെ സമാപന സെഷനിൽ ‘തദ്ദേശഭരണവും സാമൂഹ്യനീതിയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വോട്ടുനഷ്ടത്തിന്റെ കാരണം ജനങ്ങളോട് തുറന്നുപറയും. തെറ്റായ പ്രവണതകൾ പാർട്ടി വെച്ചുപൊറുപ്പിക്കില്ല. സർക്കാർ നടപടികൾ ഉൾപ്പെടെ ആവശ്യമായ കാര്യങ്ങൾ തിരുത്തും. ഇത്തവണ യു.ഡി.എഫിന് 18 ലോക്സഭ സീറ്റുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല.
അതേസമയം, സി.പി.എമ്മിന്റെ അടിത്തറ ഭദ്രമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പല മണ്ഡലങ്ങളിലും കോൺഗ്രസ് വോട്ടുകൾ വൻതോതിൽ ബി.ജെ.പിയിലേക്ക് പോയി. ബി.ജെ.പി കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനാണ് നോക്കിയത്. ജനങ്ങൾക്ക് പല ആനുകൂല്യങ്ങളും നൽകാനായില്ല. കടം വാങ്ങി കുറച്ച് കൊടുത്തുതീർത്തു. വികസന കാര്യത്തിൽ രാഷ്ട്രീയമല്ല ഐക്യമാണ് വേണ്ടത്.
കേരളത്തിൽ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് വികസന പ്രവർത്തനമൊന്നും നടക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഒരു സർഗാത്മക പ്രവർത്തനവും അനുവദിച്ചുകൂടെന്നതാണ് അവരുടെ നിലപാട്. കെ-റെയിൽ ഉൾപ്പെടെയുള്ളവയോടുള്ള എതിർപ്പ് ഉദാഹരണമാണ്. കരുവന്നൂരിലെ ഇ.ഡി പ്രവർത്തനം ബി.ജെ.പിയെ സഹായിച്ചു. ചില കാര്യങ്ങൾ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞപ്പോൾ മാധ്യമങ്ങൾ അത് ആഘോഷമാക്കിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രഫ. സി. രവീന്ദ്രനാഥ്, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.