എം.പി. അബ്​ദുസമദ്​ സമദാനി   കെ.എസ്​. ഹംസ

പൊന്നാനിയിലേക്കുള്ള പാതയിൽ ഇടത് മോഹം പൂവണിയുമോ?

ഏത് കാറ്റിലും കോളിലും ലീഗിനെ ഉലയാതെ കാത്ത പാരമ്പര്യമുണ്ട്​ പൊന്നാനിക്ക്​. നാലര പതിറ്റാണ്ടായി ഇടത് ത​ന്ത്രങ്ങളെ അതിജീവിച്ച്​, പൊന്നാനിതീര​ത്തെ വിളക്കുമാടത്തിൽ ഹരിതപതാകയാണ് ഉയരത്തിൽ പാറുന്നത്​​. പച്ചക്കോട്ട പിടിക്കാൻ സി.പി.എം നടത്തിയ പരീക്ഷണങ്ങളൊന്നും ഫലം കണ്ടിട്ടില്ല.

എന്നാൽ, ലീഗിനെ വീഴ്ത്താൻ പുതിയ അടവുകൾ പുറത്തെടുത്താണ്​ ഇത്തവണ അങ്കം. പ്രഗൽഭ വാഗ്​മി കൂടിയായ മുസ്‍ലിംലീഗിലെ എം.പി. അബ്​ദുസമദ്​ സമദാനിയെ നേരിടാൻ സി.പി.എം ​ഗോദയിൽ ഇറക്കിയത്​ ലീഗ്​ മുൻ സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി കെ.എസ്​. ഹംസയെയാണ്.

സ്വതന്ത്രനായാണ് രംഗപ്രവേശമെങ്കിലും ഹംസ മത്സരിക്കുന്നത്​ പാർട്ടി ചിഹ്​നത്തിൽ. കഴിഞ്ഞതവണ ലക്ഷത്തിലേറെ ​വോട്ട് പിടിച്ച എൻ.ഡി.എ ഇത്തവണ കളത്തിലിറക്കിയത്​ മഹിള മോർച്ച സംസ്ഥാന അധ്യക്ഷ, ഗുരുവായൂർ സ്വദേശി അഡ്വ. നിവേദിത ​സുബ്രഹ്മണ്യനെ.

ചെ​ങ്കൊടിക്ക്​ വളക്കൂറുളള മണ്ണായിരുന്നു പഴയ പൊന്നാനി മണ്ഡലം. 1962 മുതൽ 77 വരെ മൂന്ന്​ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിന്‍റെ ചായ്​വ്​ ഇടത്തോട്ട്. അതിർത്തി പുനർനിർണയത്തോടെയാണ് മണ്ഡലം ഹരിതപതാകക്ക്​ കീഴിൽ അടിയുറച്ചത്​. 1977 മുതൽ 1989 വരെ തുടർച്ചയായി ലോക്സഭയിൽ പൊന്നാനിയുടെ ശബ്​ദമായത്​ ലീഗിന്‍റെ അഖിലേന്ത്യ നേതാവ്​ ജി.എം. ബനാത്ത്​വാല.

1991ൽ മണ്ഡലം ഇബ്രാഹിം സുലൈമാൻ സേട്ടിനെ ഡൽഹിയിലേക്കയച്ചു. 1996, 98, 99 കളിലും ബനാത്ത്​വാല തുടർച്ചയായി വിജയിച്ചു. 2004ൽ ഇ. അഹമ്മദും 2009 മുതൽ ഇതുവരെ ഇ.ടി. മുഹമ്മദ്​ ബഷീറും പൊന്നാനിയുടെ അമരക്കാരായി. 2004ലെ ഇടതുതരംഗത്തിൽ, കുത്തക മണ്ഡലമായ മഞ്ചേരി കൈവിട്ടപ്പോൾ ലീഗിന്‍റെ മാനം കാത്തത്​ പൊന്നാനി.

ലീഗ്​ മേൽക്കോയ്മക്ക്​ കാര്യമായ ഇളക്കം തട്ടിയി​ട്ടില്ലെങ്കിലും ലീഗ്​-സമസ്ത ഭിന്നതയിൽ ചോർന്ന്​ കിട്ടാൻ സാധ്യതയുള്ള വോട്ടുകളിലാണ്​ സി.പി.എം​ ഇത്തവണ കണ്ണ്​ വെക്കുന്നത്​. ഇരുസമസ്തകളുമായും അടുപ്പമുള്ള കെ.എസ്​. ഹംസയെ സ്ഥാനാർഥിയാക്കാൻ ചില സുന്നി നേതാക്കൾ ചരടുവലിച്ചതായി സൂചനകളുണ്ടായിരുന്നു. സമസ്ത ഉന്നതനേതൃത്വം അത്​ നിഷേധിക്കുന്നുണ്ടെങ്കിലും സമസ്തയിലെ സാദിഖലി തങ്ങൾ വിരുദ്ധ പക്ഷത്തിന്‍റെ പിന്തുണ സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്​.

ഇത്തരം പ്രചാരണം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സി.പി.എം തന്ത്രങ്ങളെ പഴുതടച്ച് നേരിടുകയാണ്​ ലീഗ്​. ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക്​ മാറ്റി പൊന്നാനിയിൽ, സമദാനിയെ നിയോഗിച്ചതിലൂടെ സമസ്ത ബന്ധം ദൃഢമാക്കാമെന്നും ലീഗ്​ കരുതുന്നു​. പൊന്നാനി മണ്ഡലത്തിന്‍റെ ഭാഗമായ കോട്ടക്കലാണ്​ സമദാനിയുടെ സ്വദേശം.

ലീഗിന്‍റെ മുൻ ഓർഗനൈസിങ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ മർമമറിയുന്ന നേതാവാണ്​ തൃശൂർ ​ജില്ലക്കാരനായ കെ.എസ്​. ഹംസ. ദേശമംഗലത്തെ എൻജിനീയറിങ്​ കോളജടക്കം ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനെന്ന നിലയിലും വിപുലബന്ധങ്ങൾ ഹംസക്കുണ്ട്​.

വികസന പ്രശ്നങ്ങൾക്കൊപ്പം ദേശീയതലത്തിൽ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി, ലീഗിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ്​ എൽ.ഡി.എഫ്​ പ്രചാരണം. ബി​.ജെ.പിക്കെതിരെ, ഇന്ത്യസഖ്യത്തിന്​ കരുത്ത് പകരാൻ യു.ഡി.എഫ്​ വിജയിക്കണമെന്നും സി.പി.എമ്മിന്​ അതിന് കഴിയില്ലെന്നും ലീഗ്​ തിരിച്ചടിക്കുന്നു.

മണ്ഡലത്തിലെ ലീഗിന്‍റെ അജയ്യതക്കും കഴിഞ്ഞ നിലവിലുള്ള രണ്ട് ലക്ഷത്തിനടുത്തുള്ള ഭൂരിപക്ഷത്തിനുമെല്ലാ​മപ്പുറം സി.പി.എമ്മിന്​ പ്രതീക്ഷ നൽകുന്ന ചിലതുണ്ട്​. 2021​ലെ നിയമസഭ ഫല കണക്ക്​ പ്രകാരം​ 8000ൽപരം വോട്ടിന്‍റെ ഭൂരിപക്ഷമേ യു.ഡി.എഫിനുള്ളൂ. ഏഴ് നിയമസഭ സീറ്റിൽ നാലെണ്ണം ഇടതി​നൊപ്പം. മന്ത്രി മണ്ഡലങ്ങളായ തൃത്താലക്കും താനൂരിനും ഒപ്പം ചൊ​ങ്കൊടിയിൽ അടിയുറച്ച പൊന്നാനിയും കെ.ടി. ജലീലിന്‍റെ തവനൂരും ചേരുമ്പോൾ സി.പി.എമ്മിന്​ ആശിക്കാനേറെ.

ലീഗിന്‍റെ ശക്​തിദുർഗങ്ങളായ തിരൂർ, കോട്ടക്കൽ, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വോട്ടുബലമാണ്​ യു.ഡി.എഫ് കരുത്ത്​. മുസ്​ലിം വോട്ടുകൾക്കൊപ്പം നായർ വോട്ടുകളും മണ്ഡലത്തിൽ നിർണായകം​. ഇ.ടിയുടെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്ക്​ ചുരുങ്ങിയത്​ 2014ൽ മുൻ കോൺഗ്രസുകാരായ വി. അബ്​ദുറഹിമാനോട്​ ഏറ്റുമുട്ടിയപ്പോഴാണ്​.

കോൺഗ്രസ്​ വോട്ടുകളിൽ ഒരു പങ്ക്​ അന്ന്​ അബ്​ദുറഹിമാന്​ പോയെന്ന്​ വ്യക്​തം. കഴിഞ്ഞതവണ മുൻ കോൺഗ്രസുകാരനായ പി.വി. അൻവർ എം.എൽ.എയെ ഇറക്കിയെങ്കിലും ‘രാഹുൽ ഫാക്ടറി’ൽ എല്ലാം നിഷ്​പ്രഭമായി.

Tags:    
News Summary - Will the desire of the left blossom in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.