തിരുവനന്തപുരം: യു.എ.പി.എക്ക് ഇരയായി സ്റ്റാൻ സ്വാമി മരണത്തിന് കീഴടങ്ങിയതോടെ സമാന സാഹചര്യത്തിൽ വിയ്യൂർ ജയിലിൽ ആറു വർഷമായി നരകജീവിതം തുടരുന്ന 67 കാരൻ ഇബ്രാഹിമിെൻറ കാര്യത്തിൽ സംസ്ഥാന സർക്കാറിെൻറ കരളലിയുമോയെന്ന് ഉറ്റുനോക്കുകയാണ് ബന്ധുക്കളും സമൂഹവും. സ്റ്റാൻ സ്വാമിയുടേത് ഭരണകൂട കൊലപാതകമെന്നാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമടക്കം പ്രതികരിച്ചത്.
എന്നാൽ, ഹൃദ്രോഗത്തിനൊപ്പം കടുത്ത പ്രമേഹവും കാരണം ആരോഗ്യം ക്ഷയിച്ച് പല്ലുകൾ നഷ്ടപ്പെട്ട് ആഹാരം പോലും കഴിക്കാനാകാതെയാണ് 2015 മുതൽ ഇബ്രാഹിമിെൻറ നരക ജീവിതം ജയിലിൽ തുടരുന്നത്. യു.എ.പി.എ ചുമത്തപ്പെട്ട് സംസ്ഥാനത്ത് തടവിലുള്ള ഒമ്പതുപേരിൽ ഏറ്റവും പ്രായംകൂടിയ തടവുകാരൻ കൂടിയാണിദ്ദേഹം. വയനാട് മേപ്പാട് സ്വദേശിയായ ഇബ്രാഹിമിനെ 2015 ജൂലൈ 13ന് കോഴിക്കോട് പയ്യോളിയിൽനിന്നാണ് മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്.
ആറുവർഷമായി വിചാരണ തടവുകാരനായ ഇദ്ദേഹത്തിന് ജാമ്യമോ പരോളോ അനുവദിക്കാൻ എൽ.ഡി.എഫ് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. കോവിഡ് ബാധ വർധിച്ച സാഹചര്യത്തിൽ പരോളിനിടപെടണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനങ്ങിയില്ല.
തുടർന്ന് സച്ചിദാനന്ദൻ, ബി.ആർ.പി. ഭാസ്കർ അടക്കം 16 സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. മാനുഷിക പരിഗണന നൽകി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യെപ്പട്ട് ഇബ്രാഹിമിെൻറ ഭാര്യ ജമീലയും ജയിൽ വിഭാഗം ഡി.ജി.പിക്ക് നിവേദനം നൽകി.
ഇബ്രാഹിമിെൻറ പേരിൽ എൻ.െഎ.എ കേസ് മാത്രമാണ് ഇപ്പോഴുള്ളത്. മറ്റു ക്രിമിനൽ കേസുകളിൽ പ്രതിയുമല്ല. ഇടക്കാല ജാമ്യം അനുവദിച്ചില്ലെങ്കിൽ പ്രമേഹവും ഹൃദ്രോഗവുമുള്ള ഇദ്ദേഹം ഇൗ കോവിഡ് കാലത്തെ അതിജീവിക്കില്ലെന്ന ഭയത്തിലാണ് കുടുംബം. ജയിലിനുള്ളിൽ നടക്കുന്ന വിഡിയോ കോൺഫറൻസ് വിചാരണക്കായി ഹാജരാകാൻ പോലും കഴിയാത്തവണ്ണം അവശനാണെന്ന് കഴിഞ്ഞദിവസം ഇബ്രാഹിം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.