വള്ളിക്കുന്ന്: അഴിമുഖ പ്രദേശത്തെ കടലുണ്ടിക്കടവ് ഉൾപ്പെടെയുള്ള പാലങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഫയലിൽ തന്നെ. വള്ളിക്കുന്ന് പഞ്ചായത്തിനെ അയൽജില്ലയുമായും സമീപ പഞ്ചായത്തുകളുമായും ബന്ധിപ്പിച്ച് നിരവധി പാലങ്ങളുണ്ട്. ഇതിലേറെയും കടലുണ്ടി പുഴക്ക് കുറുകെയാണ്. കടലുണ്ടിക്കടവ്, കോട്ടക്കടവ്, മുക്കത്തക്കടവ് എന്നീ പാലങ്ങൾ ആണ് കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്നവ.
മൂന്നിയൂർ പഞ്ചായത്തുമായി ബന്ധിപ്പിച്ച് കാര്യാട് കടവ്, തയ്യിലക്കടവ് പാലങ്ങളും. തേഞ്ഞിപ്പലം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന മാതാ പുഴക്കടവ് പാലം, വള്ളിക്കുന്നിലെ തന്നെ ഒലിപ്രംകടവ് പാലങ്ങളുമുണ്ട്. രാത്രി ആയാൽ ഇവയെല്ലാം ഇരുട്ടിലാണ്. പുഴയുടെ പാലത്തോട് ചേർന്ന ഇരുകരകളും പാലത്തിന് മുകളിലും ചുവട്ടിലും സാമൂഹിക വിരുദ്ധരുടെ താവളവുമാണ്. വെളിച്ചം ഇല്ലാത്തതിനാൽ മദ്യ-മയക്കുമരുന്ന് സംഘങ്ങൾ പല പാലങ്ങളും താവളമായി മാറ്റിയിട്ടുമുണ്ട്.
പാലങ്ങൾക്ക് മുകളിൽ തമ്പടിക്കുന്നവർക്ക് ദൂരെ നിന്ന് വരുന്ന വാഹനങ്ങൾ കണ്ട് ഒളിക്കാൻ കഴിയുന്നതിനാൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ അറിയാതെ പോവുകയാണ്. വാഹനങ്ങളിൽ എത്തിച്ച് പുഴയിൽ മാലിന്യം തള്ളുന്ന സംഘങ്ങൾക്കും വെളിച്ചം ഇല്ലാത്തത് അനുഗ്രഹമാണ്.
തീരദേശത്തെ കടലുണ്ടിക്കടവിൽ എത്തുന്നവരാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ തീരദേശ പാതയിലെ കടലുണ്ടിക്കടവ് പാലം സന്ധ്യയായാൽ ഇരുട്ടിലാണ്. കടലുണ്ടിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്തു കൂടി കടന്നു പോകുന്ന പാലം കാണാൻ സഞ്ചാരികളുടെ തിരക്കാണ്.അവധി ദിവസങ്ങളിൽ ഇരു ജില്ലകളിൽ നിന്നുമായി കുടുംബ സമേതം ഉല്ലാസത്തിനായി എത്തുന്നവർ പാലത്തിൽ വെളിച്ചം ഇല്ലാത്തതിനാൽ ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്.
കടലുണ്ടി, വള്ളിക്കുന്ന് പഞ്ചായത്തുകൾ അതിരിടുന്ന പാലത്തിൽ വെളിച്ചം എത്തിക്കുന്ന കാര്യത്തിൽ ഇരു പഞ്ചായത്തുകളും ഒന്നും ചെയ്തിട്ടില്ല. വള്ളിക്കുന്ന് കരയിലെ ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ് ആകെയുള്ളത്. കടലുണ്ടിക്കടവ് അഴിമുഖ പ്രദേശം തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടും അധികൃതരുടെ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.