ബാലുശ്ശേരി: ജയിക്കുന്ന മണ്ഡലത്തിൽ പോയി ജയിച്ചുവരുന്നതിനെക്കാൾ ധീരത ജയസാധ്യതയില്ലെന്നുപറയുന്ന മണ്ഡലത്തിൽ പോയി ജയിച്ചുവരുന്നതിനാണെന്ന് നടനും സംവിധാനായകനുമായ രമേഷ് പിഷാരടി.
ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയുടെ നിയോജക മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 35 വർഷക്കാലമായി ഞങ്ങൾ മാറുന്നില്ല എന്ന് പിടിവാശിയുള്ളവരല്ല ഇവിടത്തെ ജനങ്ങൾ.
ഞങ്ങൾക്ക് മാറണം എന്ന് ചിന്തിക്കുന്നവരാണ്. മുന്നോട്ടു പോകണമെങ്കിൽ മാറ്റം അനിവാര്യമാണ്. ധർമജൻ ഇന്നാട്ടുകാരനല്ല എന്നാണ് ചിലർ പറയുന്നത്. മഹാത്മ ഗാന്ധിയുടെ ആദ്യത്തെ രാഷ്ട്രീയ ഇടപെടൽ നടത്തിയത് സൗത്ത് ആഫ്രിക്കയിലാണ്. അത് കഴിഞ്ഞാണ് ഇന്ത്യയിലേക്ക് വന്നത്.
ഇന്നാട്ടുകാരന് മാത്രമേ ഇവിടത്തെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാൻ അവകാശമുള്ളൂ എന്നത് മൗഢ്യമാണ്. കല്യാണത്തിന് പങ്കെടുക്കുന്നതും മരണവീട്ടിൽ തലകാണിച്ച് പോകുന്നതുമല്ല എം.എൽ.എയുടെ പണി. സിനിമ നടനല്ലേ, ഹാസ്യ നടനല്ലേ എന്നൊക്കെയാണ് കുറ്റപ്പെടുത്തുന്നത്.
ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ച് അക്ഷീണം പരിശ്രമിച്ച് സിനിമയിലെത്തിയതാണ്. ജീവിക്കാനുള്ള വഴി കൂടിയാണിത്. സ്വന്തം നാട്ടിലും വീട്ടിലുമൊക്കെ ജീവിക്കുന്നത് സാധാരണക്കാരനായാണ്. അതുകൊണ്ടുതന്നെ ധർമജൻ ജനകീയനാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.