കൊല്ലത്തിന്റെ ജനകീയ ചരിത്രവുമായി എൻ.എസ്. പഠന ഗവേഷണ കേന്ദ്രം

കൊല്ലത്തിന്റെ ജനകീയ ചരിത്രവുമായി എൻ.എസ്. പഠന ഗവേഷണ കേന്ദ്രം

കോഴിക്കോട് : 'കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ' എന്നാണ് കൊല്ലത്തെക്കുറിച്ച് പറഞ്ഞ് പതിഞ്ഞ ചൊല്ല്. ജില്ലയുടെ ഇരുളടഞ്ഞ ചരിത്ര ഏടുകളിലേക്ക് വെളിച്ചം വീശുന്ന ജനകീയ ചരിത്രം മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിക്കുകയാണ് എൻ.എസ്. പഠന ഗവേഷണ കേന്ദ്രം. എസ്.എൻ കോളജ് മുൻ പ്രിൻസിപ്പാൾ ഡോ.ആർ. സുനിൽകുമാറാണ് കൊല്ലം: ചരിത്രം, സംസ്കാരം, രാഷ്ട്രീയം എന്ന പുസ്തകത്തിന്റെ എഡിറ്റർ.

കൊല്ലത്തെക്കുറിച്ച് ആഴത്തിൽ അറിയാനുള്ള പരിശ്രമമാണ് ഈ ഗ്രന്ഥം. എസ്.എൻ കോളജിൽ നടന്ന കൊല്ലം മഹോത്സവത്തിൽ പൊതുപ്രവർത്തകരും തൊഴിലാളികളും സാധാരണക്കാരും പ്രബന്ധങ്ങൾ അവതരിപ്പിച്ചിരുന്നു. അതിൽ അക്കാദമിയവും അക്കാദമികേതരവുമായ പഠനങ്ങളുണ്ടായിരുന്നു. ഭൂപ്രകൃതി, ജനസംഖ്യ, സാമൂഹ്യ രാഷ്ട്രീയ ചരിത്രം, തൊഴിലാളി പ്രസ്ഥാനചരിത്രം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, സഹകരണ പ്രസ്ഥാനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, കായികവികസനം, ആരോഗ്യം, ശുചിത്വം, ചരിത്ര സ്മാരകങ്ങൾ, വ്യക്തിമുദ്രകൾ, സിനിമ, നാടകം, കഥാപ്രസംഗം, സാഹിത്യം, മത്സ്യബന്ധനം, ജൈവവൈവിധ്യം, നവോത്ഥാനം മതനിരപേക്ഷത തുടങ്ങി 33 വിഷയങ്ങളിലായി 400 ഓളം പ്രബന്ധങ്ങൾ മഹോത്സവത്തിൽ അവതരിപ്പിച്ചിരുന്നു. അതിൽനിന്ന് തെരഞ്ഞെടുത്തു 380 പ്രബന്ധങ്ങളാണ് മൂന്നു വാല്യങ്ങളായി പുസ്തകത്തിൽ ഉൾചേർത്തിരിക്കുന്നത്.

ഒന്നാം വാല്യത്തിൽ 123 ലേഖനങ്ങളാണുള്ളത്. അപൂർവ ധാതുക്കൾ നിറഞ്ഞ കൊല്ലം ജില്ലയിലെ ഭൂപ്രകൃതിയെയാണ് ഭൂവിജ്ഞാനീയം എന്ന ലേഖനത്തിൽ അവതരിപ്പിക്കുന്നത്. വിദേശ ബന്ധങ്ങളും സാംസ്കാരിക സംഭാവനകളും, തരിസാപള്ളി ചെപ്പേട്, തങ്കശ്ശേരി അന്നും ഇന്നും, ചിന്നക്കടയിലെ ചരിത്രം നിർമിതികൾ, കൃഷ്ണപുരം കൊട്ടാരത്തിന്റെയും പുരാവൃത്തം, പുനലൂർ തൂക്കുപാലം, കൊല്ലം നഗരസഭയുടെ ചരിത്രം, കൊല്ലത്തിന്റെ നഗരവൽക്കരണ പ്രാചീനകാവ്യങ്ങളിലെ കൊല്ലത്തിന്റെ പരാമർശങ്ങൾ, കൊല്ലവർഷത്തിന്റെ ഉത്ഭവം, കൊല്ലത്തിന്റെ സാംസ്കാരിക പൈതൃകം തുടങ്ങിയ ലേഖനങ്ങൾ ബഹുസ്വമായ ജീവിത വീക്ഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ സാംസ്കാരിക തനിമ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

കൊല്ലത്തിന്റെ സമ്പന്നമായ വാണിജ്യ- വ്യവസായ ചരിത്രത്തിന്റെ കുതിപ്പും കിതപ്പുമാണ് വ്യവസായവും വാണിജ്യവും എന്ന മേഖലയിലെ പ്രബന്ധങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഒരുകാലത്ത് കേരളത്തിൻറെ വ്യവസായ ഹബ്ബായിരുന്നു കൊല്ലം. ഇന്ന് നിരവധി വ്യവസായി സ്ഥാപനങ്ങൾ പൂട്ടാനിടയായി സാഹചര്യവും അന്വേഷിക്കുന്നുണ്ട്. കൊല്ലം തുറമുഖ ചരിത്രവും വികസനവും, മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്ബ്, ചിന്നക്കട -ചാമക്കട പുനർ വികസന പദ്ധതികൾ, കൊല്ലം ബൈപ്പാസ് -ഒരു വിയിരുത്തൽ തുടങ്ങിയ പ്രബന്ധങ്ങൾ വികസന സാധ്യതകളാണ് സൂചിപ്പിക്കുന്നത്.

രണ്ടാം വാല്യത്തിൽ 12 ഭാഗങ്ങളിലായി 150 പ്രബന്ധങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യം, കഥകളി, നാടകം, കഥാപ്രസംഗം, സംഗീതം, ചിത്രകല, സിനിമ, പ്രവാസം, ഗ്രന്ഥശാല പ്രസ്ഥാനം, സാക്ഷരത, കലാസമിതികൾ, അച്ചടി മാധ്യമപ്രവർത്തനവും, ആരാധനാ സംസ്കാരം, ഭക്ഷണസംസ്കാരം, കായികമേഖല, വിനോദസഞ്ചാരം തുടങ്ങിയ മേഖലയിലെ ആഴത്തിലുള്ള പഠനങ്ങൾ പുസ്തകത്തിലുണ്ട്.

മൂന്നാം വാല്യത്തിൽ നവോഥാനപ്രസ്ഥാനവും സ്വാതന്ത്ര്യസമരവും, തൊഴിലാളി പ്രസ്ഥാനവും സമരങ്ങളും, ഭൂബന്ധങ്ങളും സമരങ്ങളും, വിദ്യാർഥി, യുവജന, അധ്യാപക പ്രസ്ഥാനങ്ങൾ, സ്ത്രീ ജീവിതവും ലിംഗരാഷ്ട്രീയവും, ദളിത്-ആദിവാസി ജീവിതം, കുടിയേറ്റവും തോട്ടം മേഖലയും, ഭരണനിർവഹണം, ജനകീയ ആസൂത്രണം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് 107 പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നു.

ചട്ടമ്പിസ്വാമി, നാരായണഗുരു, കുമാരനാശാൻ, അയ്യങ്കാളി, വേലിക്കുട്ടി അരയൻ തുടങ്ങിയ നവോഥാന നായികരെയും പെരിനാടു കലാപം, കടയ്ക്കൽ വിപ്ലവം, ശൂരനാട് കലാപം തുടങ്ങിയ സാമൂഹ്യ സംഭവങ്ങളെയും അവതരിപ്പിക്കുണ്ട്. വ്യക്തിമുദ്രകളിൽ സി.വി. കുഞ്ഞിരാമൻ മുതൽ കെ. രവീന്ദ്രനാഥൻ നായർ വരെയുള്ളവരുടെ ജീവിതവും പ്രവർത്തനവും ആണ് വിശദീകരിക്കുന്നത്. കയർ, കൈത്തറി, കശുവണ്ടി തൊഴിലാളികൾ ഉൾപ്പെടുന്ന പരമ്പരാഗതമായി തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ വേണ്ടി നടന്ന സമരങ്ങളാണ് കൊല്ലം ജില്ലയിൽ കൂടുതൽ നടന്നിട്ടുള്ളത്. ഈ സമരങ്ങളെല്ലാം പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. കേരളത്തിലെ വിവിധ അവകാശ പോരാട്ടങ്ങൾ സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായിരുന്നുവെങ്കിലും ചരിത്രത്തിൽ ഇവരുടെ പങ്ക് രേഖപ്പെടുത്തിയിട്ടില്ല. അതും അടയലാളപ്പെടുന്നു.

കൊല്ലത്തിന് സൗപർണമായ ഒരു ഭൂതകാലമുണ്ട്. അതപോലെ ഉജ്ജ്വലമായ ഒരു ഭാവിയും കൊല്ലത്തെ കാത്തിരിക്കുന്നു. പുതുതലമുറക്കായിട്ടാണ് എൻ.എസ്. പഠന ഗവേഷണ കേന്ദ്രം പുസ്തകം പ്രസിദ്ധീകരിക്കുന്നത്. തിങ്കളാഴ്ച ക്യൂ.എ.സി മൈതനത്ത് നടക്കുന്ന പുസ്തക പ്രകാശന പരിപാടി സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എസ്. രാമചന്ദ്രൻ പിള്ള പുസ്തകം പ്രകാശനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. പുത്തലത്ത് ദിനേശൻ പുസ്തകം പരിചയപ്പെടുത്തും.

Tags:    
News Summary - With popular history of Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.