കൊച്ചി : കേരളത്തെ സമ്പൂർണമായി തകർക്കുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കുക, സമരക്കാർക്കെതിരായ മുഴുവൻ കേസുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മുഖ്യമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും ഒരുകോടി ഒപ്പ് ശേഖരിച്ച് നിവേദനം നൽകും. ഒപ്പ് ശേഖരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 19ന് വൈകീട്ട് മൂന്നിന് കോഴിക്കോട് കാട്ടിലപീടിക സമരപ്പന്തലിൽ നടത്തുമെന്ന് സംസ്ഥാന സമിതി യോഗം അറിയിച്ചു.
പരിപാടി ഐതിഹാസികമായ കർഷക സമരത്തിന്റെ നേതൃനിരയിലെ പ്രമുഖൻ രാകേഷ് ടിക്കായത്ത് ഉദ്ഘാടനം ചെയ്യും. പൊമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി, സാഹിത്യകാരൻ പി സുരേന്ദ്രൻ, തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതി എന്ന ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിനാണ് വ്യാപകമായി ഒപ്പുശേഖരണം നടത്തുന്നത്.
ആദ്യഘട്ടത്തിൽ അലൈൻമെന്റിലും ബഫർ സോണിലും ഉൾപ്പെടുന്ന വീടുകൾ സന്ദർശിച്ച് ഒപ്പ് ശേഖരിക്കും. അടുത്ത ഘട്ടമായി സാധ്യമായ എല്ലാ സ്ഥലങ്ങളിലും പ്രാദേശിക ഒപ്പ് ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കും. സ്ത്രീകളുടെ മുൻകൈയിൽ പ്രാദേശിക തലത്തിലും വിദ്യാർഥികളുടെ മുൻകൈയിൽ കലാലയങ്ങളിലും വ്യാപക ഒപ്പ് ശേഖരണം സംഘടിപ്പിക്കും. പദ്ധതിക്കെതിരായി സാമൂഹ്യ സാംസ്കാരിക പരിസ്ഥിതി പ്രവർത്തകരുടെയും നേതാക്കളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണം നടത്തുവാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. യോഗത്തിൽ സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.