കുടുംബശ്രീ പ്രതിജ്ഞ പിൻവലിക്കൽ; കേരള ഭരണം നിയന്ത്രിക്കുന്നത് മതമൗലികവാദ ശക്തികൾ -കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്ന് കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ചതിലൂടെ തെളിഞ്ഞുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ തുല്യ അവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണ് തീവ്ര മുസ്ലിം സംഘടനകളുടെ എതിർപ്പ് ഉയർന്നതോടെ സർക്കാർ പിൻവലിച്ചത്. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി യൂനിഫോം നടപ്പിലാക്കുന്നതിൽ നിന്നും വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിൽ നിന്നും സമാനമായ എതിർപ്പ് ഉയർന്നതോടെ സർക്കാർ പിൻമാറിയിരുന്നു. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. അമ്പതുകോടി മുടക്കി വനിതാ മതിലുപണിഞ്ഞതു ശബരിമലയിൽ ലിംഗസമത്വം കൊണ്ടുവരാൻ മാത്രമാണ്. സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്വയാണ് കേരളത്തിലെ പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുന്നത്. സർക്കാർ വോട്ട്ബാങ്കിന് വേണ്ടി നവോത്ഥാന മൂല്യങ്ങളെ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകൾക്ക് ഭരണഘടന ഉറപ്പ് വരുത്തുന്ന തുല്യ അവകാശമാണ് മതമൗലികവാദികളുടെ ഭീഷണിക്ക് മുമ്പിൽ സർക്കാർ അടിയറവ് പറഞ്ഞതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - Withdrawal of Kudumbashree Pledge; Kerala government is controlled by fundamentalist forces - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.