വഞ്ചിയൂര്‍: തിരുവനന്തപുരം-നാഗര്‍കോവില്‍-കന്യാകുമാരി റൂട്ടില്‍ ട്രെയിനുകൾ യാത്രക്കാര്‍ക്ക് ഗുണം ലഭിക്കാത്ത തരത്തില്‍ സര്‍വിസ് നടത്തുന്നതായി പരാതി. ഉച്ചക്ക് രണ്ടോടെ നാഗര്‍കോവിലില്‍നിന്നു തിരുവനന്തപുരത്ത് എത്തിക്കൊണ്ടിരുന്ന കോട്ടയം പാസഞ്ചര്‍ ബാലരാമപുരം, നേമം തുടങ്ങിയ സ്റ്റേഷനുകളില്‍ നിര്‍ത്താതായി. അണ് റിസര്‍വ്ഡ് എക്സ്പ്രസ് എന്നാക്കിയാണ് പല സ്റ്റേഷനുകളിലും നിര്‍ത്താതായത്.
കൊല്ലത്തു നിന്നു കന്യാകുമാരിയിലേക്കുള്ള മെമു രാവിലെ 11.20 ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തുമായിരുന്നു. ഇതിപ്പോള്‍ 1.20 ഒാടെ മാത്രമാണ് എത്തിച്ചേരുന്നത്. കന്യാകുമാരിയിലേക്ക് പോകുന്ന യാത്രക്കാര്‍ ആ ട്രെയിനില്‍തന്നെ തിരികെ വരേണ്ട അവസ്ഥയാണ്. ഉച്ചക്ക് 1.25ന് കൊച്ചുവേളിയില്‍ നിന്നു നാഗര്‍കോവിലിലേക്ക് സര്‍വിസ് നടത്തിയിരുന്ന കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ ഇപ്പോള്‍ രേണ്ടാടെ നാഗര്‍കോവില്‍ ഇന്റര്‍സിറ്റി സ്പെഷല്‍ എന്ന പേരില്‍ കൊച്ചുവേളിയില്‍നിന്ന് രണ്ടോടെയാണ് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്നത്. ഇതും യാത്രികര്ക്ക്ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ഉച്ചക്ക് 11.25 ന് തൃച്ചിയിലേക്ക് സര്‍വിസ് നടത്തുന്ന ഇന്റര്‍സിറ്റി എക്സ്പ്രസിന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെയും നടപ്പായില്ല.
രാവിലെ 8.05 ന് നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് സര്‍വിസ് നത്തുന്ന കൊച്ചുവേളി ഇന്റര്‍സിറ്റി സ്പെഷല്‍ 9.20ന് നേമത്ത് എത്തിച്ചേര്‍ന്നിരുന്നു. ഇതിപ്പോള്‍ മിക്ക ദിവസങ്ങളിലും 10.25 ഓടെയാണ് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്നത്. അറുനൂറിലേറെ യാത്രികരാണ് ദുരിതമനുഭവിക്കുന്നത്. ഇതിലെ ഭൂരിഭാഗം യാത്രികരും ഇപ്പേള്‍ ബസാണ് ആശ്രയിക്കുന്നത്. ട്രെയിന്‍ കാലിയായാണ് സര്‍വിസ് നടത്തുന്നത്.
ചെന്നൈയില്‍ നിന്ന് നാഗര്‍കോവില്‍ വഴി കൊല്ലത്തേക്ക് പോകുന്ന അനന്തപുരി എക്സ്പ്രസ് രാവിലെ 10.30 ഓടെ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുമായിരുന്നു.ഇതും ഒരു മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. ഇതിലെ അണ്റിസര്വ്ഡ് കോച്ചുകളില്‍ ഓഡിനറി സീസണ് നിര്‍ത്തലാക്കുകയും അഡീഷനല്‍ പണം നല്കി സ്പെഷല്‍ സീസണ് ഏര്‍പ്പെടുത്തിയതും സാധാരണ യാത്രികരെ ദുരിതത്തിലാക്കി. ഐലന്‍ഡ് എക്സ്പ്രസിന്റെയും സമയക്രമം താളം തെറ്റിയതും വിമര്‍ശനത്തിന് ഇടയാകുന്നുണ്ട്. നിരവധി നിവേദനങ്ങള്‍ റെയില്‍വേ അധികൃതര്‍ക്ക് നല്‍കിയെങ്കിലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന രീതിയാണ് റെയില്‍വേ സ്വീകരിക്കുന്നതെന്നാണ് ട്രെയിന്‍ യാത്രികരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.