തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ ഗ്രൂപ് പരിഗണനയില്ലാതെ ആൾബലമുള്ളവരെ ഭാരവാഹികളാക്കണമെന്ന നിലപാടുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. എന്നാൽ, ഭാരവാഹികളാകുന്നവർക്ക് മികച്ച പ്രതിച്ഛായയാണ് വേണ്ടതെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നിലപാട്. എങ്കിലും, പുനസംഘടനയുടെ ആദ്യഘട്ടത്തിൽ, ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും പേര് മാത്രമാകും പ്രഖ്യാപിക്കുക.
കെ.പി.സി.സി സെക്രട്ടറി, ഡി.സി.സി നിർവാഹകസമിതി അംഗങ്ങളെ പ്രഖ്യാപിക്കൽ വൈകും. പ്രഖ്യാപനം ഹൈകമാൻഡ് മരവിപ്പിച്ചതിനെ തുടർന്ന് കെ. സുധാകരനും വി.ഡി. സതീശനുമിടയിൽ രൂപപ്പെട്ട അകൽച്ച പരിഹരിച്ച് അന്തിമപട്ടിക തയാറാക്കൽ പൂർത്തിയായില്ല.
കരട് പരിശോധിച്ച് കൂടിയാലോചന നടത്തി വെള്ളിയാഴ്ചയോടെ പട്ടിക പുറത്തിറക്കാനായിരുന്നു ശ്രമം. എന്നാൽ, പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗവും രാഹുൽ ഗാന്ധിയുടെ സന്ദർശനവും കാരണം ചർച്ച നീണ്ടു. സുധാകരനും സതീശനും ഇനി തലസ്ഥാനത്ത് വെള്ളിയാഴ്ചയാണുണ്ടാകുക.
കാസർകോട്, കണ്ണൂർ, വയനാട് ഡി.സി.സി ഭാരവാഹികളുടെ കാര്യത്തിൽ മാത്രമാണ് ഏകദേശ ധാരണയായത്. നാല് ചെറിയ ജില്ലകളിൽ 15ഉം മറ്റിടങ്ങളിൽ 25ഉം ഡി.സി.സി ഭാരവാഹികളുണ്ടാകും. യഥാക്രമം 16, 26 നിർവാഹക സമിതി അംഗങ്ങളുണ്ടാകും. ജില്ല ഭാരവാഹികളുടെ എണ്ണത്തിൽ പരമാവധി അഞ്ചുപേരുടെ വർധയുണ്ടാകും. ഭാരവാഹിത്വം ലഭിക്കാതെ വരുന്നവരെ പിന്നീടുള്ള സാഹചര്യം വിലയിരുത്തി തൃപ്തിപ്പെടുത്താൻ ഇതാണ് നല്ലതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.