ഇരിട്ടി: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം തൊണ്ടൻകുഴിയിൽ ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55), മകൾ സൽമ (36) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. സൽമയുടെ ഭർത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുൽ ഹമീദിനെ (46) മുഴക്കുന്ന് പൊലീസ് പിടികൂടി.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ, സാരമായി പരിക്കേറ്റ സൽമയുടെ മകൻ ഫഹദിനെ (12) പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടയിൽ ഷാഹുൽ ഹമീദിനും സാരമായി പരിക്കേറ്റതിനാൽ ഇയാളെ പൊലീസ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയോടെ ഓട്ടോറിക്ഷയിൽ ആയുധവുമായി എത്തിയ ഹമീദ് വഴക്കിനിടയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടുകയായിരുന്നു.
വെള്ളിയാഴ്ച വീട്ടിലെ പുരുഷന്മാർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. സൽമയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിന്റെ ഭാര്യ എന്നിവരും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആക്രമണം കണ്ട് ഭയന്ന് മുറിയുടെ വാതിൽ അടച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീട്ടിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ അലീമയെയും സൽമയെയും കണ്ടത്. ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചു. ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നും ഷാഹുൽ ഹമീദ് മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു.
ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. പി.എച്ച്. മുഹമ്മദാണ് അലീമയുടെ ഭർത്താവ്. മറ്റുമക്കൾ: ഷരീഫ്, സലിം, സലീന. സൽമയുടെ മകൾ: നസ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.